കണ്ണൂര്‍: സിപിഎം സമ്മേളനങ്ങള്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന വിഭാഗീയതക്കും പ്രവര്‍ത്തകരുടെ കൂട്ടമായ കൊഴിഞ്ഞുപോക്കിനും തടയിടാന്‍ വേണ്ടിയാണ് സിപിഎം അക്രമങ്ങള്‍ നടത്തുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. പണക്കൊഴുപ്പുകൊണ്ട് ആര്‍ഭാടമാക്കുന്ന സമ്മേളനങ്ങളില്‍ ഉണ്ടായിട്ടുള്ള ജനപങ്കാളിത്തക്കുറവ് പാര്‍ട്ടിയെ കടുത്ത ആഭ്യന്തരസമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സമാധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്രിമിനലുകളെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ പ്രമുഖ നേതാവും മണ്ഡല്‍ കാര്യവാഹുമായ തലശ്ശേരി നായനാര്‍ റോഡിലെ കെ.പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇതിന്റെ ഭാഗമായാണ്.
കഴിഞ്ഞദിവസം മലാലില്‍ ആര്‍എസ്എസിന്റെ മറ്റൊരു നേതാവിന്റെ വീടിന് നേരെ ബോംബാക്രമണവും ഉണ്ടായിരുന്നു. ആര്‍എസ്എസ് നേതാക്കളെ അപായപ്പെടുത്തി ജില്ലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ഗൂഡപദ്ധതിയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ പ്രതികരിക്കണമെന്നും അക്രമികള്‍ക്കെതിരെ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.
















