മൂവാറ്റുപുഴ: സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ശമ്പളം വര്‍ധിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത അങ്കമാലി ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡി(ടെല്‍ക്ക്)നെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി. കലാം പാഷ ഉത്തരവിട്ടു. ടെല്‍ക്ക് മാനേജിങ് ഡയറക്ടര്‍, കമ്പനി സെക്രട്ടറി തുടങ്ങി പതിനൊന്ന് പേര്‍ക്കെതിരെയാണ് ത്വരിതാന്വേഷണം.
2018 ജനുവരി 22ന് മുമ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
അനുവാദമില്ലാതെ 15 കോടി വിതരണം ചെയ്തിട്ടുള്ളതായാണ് ആലുവ കോലഞ്ചേരി വീട്ടില്‍ കെ.എം. ഡൊമനിക് നല്കിയ പരാതിയിലുള്ളത്. ശമ്പളം പുതുക്കുന്നതിനുള്ള നിര്‍ദ്ദേശം ബോര്‍ഡില്‍ വച്ച് പാസാക്കി സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പുതുക്കിയ ശമ്പളം എല്ലാവര്‍ക്കും നല്‍കി.
എന്നാല്‍ കമ്പനി നല്കിയ ശുപാര്‍ശ അംഗീകരിക്കാതെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി 2017 ആഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ ഇത് വകവെയ്‌ക്കാതെ ശമ്പളം പഴയതുപോലെ നല്‍കി. ഇത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുമെന്നുള്ള ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് ത്വരിതാ ന്വേഷണത്തിന് ഉത്തരവായിട്ടുള്ളത്.
















