തുറവൂര്‍: അന്ധകാരനഴി–ഒറ്റമശേരി തീരപ്രദേശത്തു കടല്‍ഭിത്തി തകര്‍ന്നു. ഒറ്റമശേരി പനയ്‌ക്കല്‍ പുരയിടം മുതല്‍ പാല്യത്തയില്‍ ഭാഗം വരെ 600 മീറ്ററോളമാണു കടല്‍ ഭിത്തിയില്ലാത്തത്. ചെറിയ വേലിയേറ്റം ഉണ്ടായാല്‍ പോലും തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുന്നു. ഈ ഭാഗത്തു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇരുപതു മീറ്റര്‍ അകലത്തില്‍ രണ്ടു പുലിമുട്ടുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ തിരമാലകള്‍ അടിച്ചു ഭൂരിഭാഗവും നശിച്ചു. സൂനാമിക്കു ശേഷം കടല്‍ഭിത്തി നിര്‍മ്മിച്ചപ്പോള്‍ പ്രദേശത്തെ ഒഴിവാക്കിയെന്നാണു പരാതി. അന്ധകാരനഴി മുതല്‍ ഒറ്റമശേരി വരെ ഒട്ടേറെ ഭാഗങ്ങളിലാണു കടല്‍ ഭിത്തി ഇടിഞ്ഞു താഴ്ന്നത്. കടല്‍ക്ഷോഭം ഉണ്ടായ സമയങ്ങളിലെല്ലാം പ്രദേശത്തു വന്‍ നാശമാണ് ഉണ്ടായത്.
തീരത്തുണ്ടായിരുന്ന ഒട്ടേറെ തെങ്ങുകളും കടപുഴകി വീണു. ശക്തമായ തിരമാലകള്‍ വീടുകളുടെ തകര്‍ച്ചയ്‌ക്കും കാരണമാകുന്നു.
















