ആലപ്പുഴ: ചതുപ്പില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ട കൊമ്പന്‍ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണനോട് ദേവസ്വം ബോര്‍ഡിന്റെ കൊടും ക്രൂരതയും പീഡനവും. ആനയുടെ തലയിലും പിന്‍ഭാഗത്തും ഗുരുതര മുറിവുകള്‍ ഉണ്ടെങ്കിലും അത് കൃത്യമായി ചികിത്സിക്കാന്‍ ദേവസ്വംബോര്‍ഡിന് കഴിയുന്നില്ല. ആനയുടെ ആരോഗ്യ സ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ എട്ടു വര്‍ഷമായി ഒപ്പം ഉണ്ടായിരുന്ന ഒന്നാം പാപ്പാനെയും ഇവിടെ നിന്ന് അടിയന്തരമായി സ്ഥലം മാറ്റി.
മസ്തകത്തില്‍ പഴുപ്പ് ഒഴുകുന്ന വലിയ വ്രണം, പിന്‍വശത്ത് മയക്കു വെടിയേറ്റ രണ്ട് മുറിവുകള്‍, ചതുപ്പില്‍ നിന്നും കയറിയപ്പോള്‍ ഉണ്ടായ മറ്റു മുറിവുകള്‍ വേറയും. പാദ രോഗം മൂര്‍ച്ഛിച്ചിരിക്കുന്ന ബാലകൃഷ്ണനെ തളച്ചിരിക്കുന്നത് ചെളി നിറഞ്ഞ വൃത്തി ഹീനമായ സ്ഥലത്താണ്. ഒറ്റ ചട്ടമുള്ള ആനയുടെ ഒന്നാം പപ്പന്‍ മുധുവിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയതിനില്‍ ആനയെ മാറ്റി തളയ്‌ക്കാന്‍ കഴിയുന്നില്ല. പുതിയതായി വന്ന ചുമതലക്കാരന് ആന വഴങ്ങുന്നില്ല.
ആരോഗ്യ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ മര്‍ദ്ദനത്തിലൂടെ ബാലകൃഷ്ണനെ വരുതിയിലാക്കുക അസാദ്ധ്യമാണ്. മുറിവുകളില്‍ കൃത്യമായി മരുന്ന് വെയ്‌ക്കുന്നതിനും കഴിയുന്നില്ല. മുറിവ് ഭേദമാകുന്നതു വരെ പഴയ പപ്പന്‍ മധുവിനെ തുടരാന്‍ അനുവദിക്കണം എന്നാണ് ആവശ്യമുയരുന്നത്.
പ്രതിഷേധം വ്യാപകമായതോടെ ആനയുടെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ സപ്തംബറിലാണ് എറണാകുളത്തെ ഒരു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് കഴിഞ്ഞ് മുല്ലയ്‌ക്കലിലേക്ക് വാഹനത്തില്‍ കൊണ്ടു വരുമ്പോള്‍ തുറവൂരില്‍ വെച്ച് ഇടഞ്ഞോടി ആന ചതുപ്പില്‍പ്പെട്ടത്. പന്ത്രണ്ട് മണിക്കൂളിലേറെ അദ്ധ്വാനിച്ചാണ് അന്ന് ആനയെ രക്ഷിച്ചത്.
















