തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ മരിച്ചു. നൂറിലധികം പേരെ കാണാനില്ല. അമ്മമാര്‍ തോരാത്ത കണ്ണീരുമായി കാത്തിരിക്കുന്നു. തീരദേശം മുഴുവന്‍ ആശങ്കയിലാണ്. രാജ്യം മുഴുവന്‍ ദുരന്തത്തിന്റെ നൊമ്പരത്തില്‍ ആകുമ്പോഴും സംസ്ഥാനം ഭരിക്കുന്ന തൊഴിലാളി പാര്‍ട്ടിക്ക് ആഘോഷങ്ങളുടെ നാളുകള്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ ഉത്സവമേളത്തോടെയാണ് ദുരിതബാധിത പ്രദേശം ഉള്‍പ്പെടുന്ന ഏര്യകമ്മറ്റികളില്‍ പോലും നടത്തുന്നത്. ദുരിത ബാധിത ജില്ലകളിലെ സമ്മേളനങ്ങള്‍ മാറ്റിവയ്‌ക്കാന്‍പോലും പാവപ്പെട്ടവരുടെ അപ്പോസ്തലന്മാര്‍ തയ്യാറായിട്ടില്ല.
22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള ഏര്യാസമ്മേളനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ സമ്മേളനവും. സമ്മേള നഗരിയും സമീപ പ്രദേശങ്ങളും മുഴുവന്‍ അലങ്കരിച്ചും ഘോഷയാത്ര നടത്തിയുമാണ് പൊതുസമ്മേളനം. ഏറ്റവും കൂടുതല്‍ പേരെ മരണം കവര്‍ന്നതും കാണാതായതും തിരുവനന്തപുരം ജില്ലയിലാണ്. അതും കഴക്കൂട്ടം, തിരുവനന്തപുരം, കോവളം മണ്ഡലങ്ങളില്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് നിരവധിപേരെയാണ് കാണാതായത്.
ഇന്നാണ് കഴക്കൂട്ടം ഏര്യാസമ്മേളനം. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കടകംപള്ളി സുരേന്ദ്രനും. ഇതിന് മുന്നോടിയായുള്ള കൊടിമരഘോഷയാത്രയും ദീപശിഖാ റാലിയുമൊക്കെ ഇന്നലെ ആഘോഷപൂര്‍വ്വം നടന്നു. തീരദേശത്തെ മറ്റൊരു മണ്ഡലമായ വര്‍ക്കലയില്‍ ഇന്നലെ ഏരിയാ സമ്മേളനം തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തീരദേശ മേഖലയിലെ താമസക്കാരനും മത്സ്യത്തൊഴിലാളി-കയര്‍ത്തൊഴിലാളി നേതാവായ ആനത്തലവട്ടം ആനന്ദനാണ് ഉദ്ഘാടനം. തീരദേശത്തുള്ള ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് അംഗങ്ങളും പ്രതിനിധികളായി ഉണ്ട്.
കൊല്ലം ഏഴുകോണ്‍, കൊട്ടാരക്കര സമ്മേളനങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സമ്മേളനം ഉത്സവാന്തരീക്ഷത്തില്‍ കഴിഞ്ഞ ദിവസം സമാപിച്ചു. നിരവധി പേരെ കാണാതായ കൊച്ചിയിലും പാര്‍ട്ടി സമ്മേളന തിരക്കിലാണ്. വൈറ്റില, അങ്കമാലി സമ്മേളനങ്ങള്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലയിലുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ ജീവനുവേണ്ടി കേഴുമ്പോഴും ജില്ലയിലെ പാര്‍ട്ടി നേതൃത്വം ഒഞ്ചിയം, ബാലുശ്ശേരി തുടങ്ങിയ ഏര്യാസമ്മേളനത്തിരക്കിലാണ്. കാസര്‍കോടും സ്ഥിതി വ്യത്യസ്ഥമല്ല. ജീവിതം നഷ്ടപ്പെട്ട് സര്‍ക്കാര്‍ സഹായത്തിനായി തൊഴിലാളികള്‍ കേഴുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവിട്ട് ആഘോഷപൂര്‍വ്വം സമ്മേളനങ്ങള്‍ നടത്തുന്നത്.
















