മറയൂര്‍: ഇടക്കടവിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന് പരിക്ക്. ആലാംപെട്ടിയിലെ ടൂറിസ്റ്റ് ഗൈഡായ പ്രദേശവാസി ശിവ(25) യ്‌ക്കാണ് പരിക്കേറ്റത്. ആലാപെട്ടി ട്രക്കിങ് തൂവാനത്തിലേയ്‌ക്ക് സഞ്ചാരികളെ എത്തിച്ചിരുന്ന ആളായിരുന്ന ശിവ.
ഞായറാഴ്ച തൂവാനത്ത് സഞ്ചാരികളെ എത്തിച്ച ശേഷം ഇന്ന് ഉച്ചയ്‌ക്ക് ഇവരെ തിരികെ കൊണ്ട് വരുന്നതിനായി പോയപ്പോഴാണ് സംഭവം. പതിവായി പോകുന്ന വഴിയില്‍ വെള്ളം കയറിയതിനാല്‍ ഇടക്കടവ് വഴിയാണ് പോയത്. ഇവിടെ ഒരു വീട്ടില്‍ ബൈക്ക് വച്ച ശേഷം നടന്ന് പോകുകയായിരുന്ന ശിവയെ പെട്ടെന്ന് മുന്നിലെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
കണ്ണിന്റെ താഴെയും, ഇടുപ്പിലും പരിക്കേറ്റ ഇയാളെ ആദ്യം മറയൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്‌ക്കും മാറ്റി. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട ശിവ ബൈക്ക് വച്ചിരുന്ന വീട്ടില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് ആശുപത്രിയിലാക്കുന്നത്.
















