മാരാരിക്കുളം: അന്പത്തെട്ടാമതു റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ഇന്നു മുതല്‍ എട്ടു വരെ കണിച്ചുകുളങ്ങര വിഎച്ച്എസ്എസില്‍ നടക്കും. രാവിലെ ഒന്‍പതിന് രചനാ മത്സരങ്ങള്‍ ആരംഭിക്കും. പത്തിന് മന്ത്രി ടി.എം. തോമസ് ഐസക് കലാമേള ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന് അദ്ധ്യക്ഷനാകും. എംഎല്‍എമാരായ തോമസ് ചാണ്ടി, കെ.കെ. രാമചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യാതിഥിയാകും. 10 വേദികളിലായാണു പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്കൃതോത്സവം ഗവ. എല്‍പിഎസ് പെരുന്നേര്മംഗലത്തും അറബി കലോത്സവം ആറാം വേദിയായ വിഎച്ച്എസ്എസ് തെക്കേ ഹാളിലും നടക്കും. മുഹമ്മ, പാപ്പള്ളി, പി.കെ ഷണ്മുഖന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസവും നാലു നേരം 3,000 ത്തോളം പേര്‍ക്കു ഭക്ഷണം ലഭ്യമാക്കും. വെല്‍ഫെയര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ വേദികളിലും കുടിവെള്ള വിതരണം നടത്തും. ജില്ലാ മെഡിക്കല്‍ ടീം, ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് ഇവയുടെ യൂണിറ്റുകള്‍ സേവന സന്നദ്ധരായി കലാനഗരിയില്‍ ഉണ്ടാകും. സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, എന്‍സിസി എന്നിവയിലെ നൂറ്റന്പതോളം വോളന്റിയര്‍മാരുടെ സഹായം കലാനഗരിയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: