ആഗ്ര: വന്ദേ മാതരം പാടിയതിന്റെ പേരില്‍ മുസ്ലിം യുവാവിനും കുടുംബത്തിനും സമുദായത്തിന്റെ ഊരുവിലക്ക്. അഴാംപുര സ്വദേശിയായ ഗുല്‍ചാമന്‍ ഷെര്‍വാനിക്കെതിരെയാണ് വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ വിലക്കുമായി രംഗത്തെത്തിയിരിക്കുന്നത്.
വന്ദേ മാതരത്തോടുള്ള ഇഷ്ടംമൂലം മുസ്ലിങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ തന്റെ മക്കള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലായെന്നും ഇദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമേഖലയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ദേശീയ പതാകയുടെ മാതൃകയില്‍ മൂന്ന് കളറിലുള്ള വസ്ത്രങ്ങളാണ് ഇദ്ദേഹം ധരിക്കാറ്. വന്ദേമാതരം പാടുന്നതിനെതിരെ സമുദായത്തിലെ മറ്റാളുകള്‍ രംഗത്തെത്തിയതോടെ സ്‌കൂളില്‍ നിന്നും കുട്ടികളെ ഒഴിവാക്കുകയായിരുന്നുവെന്ന് ഷെര്‍വാനി പറഞ്ഞു.
ഷൂ നിര്‍മ്മിച്ച് വിവിധ ഉല്പാദകര്‍ക്ക് നല്‍കിയാണ് ഇദ്ദേഹവും കുടുംബവും ജീവിക്കുന്നത്. വന്ദേമാതരം പാടിയതിനെതിരെ മറ്റുള്ളവര്‍ പരാതിപ്പെട്ടെന്ന കാരണത്താല്‍ ആദ്യം മകന്‍ അസ്ലം ഖാനെതിരെയും പിന്നീട് മകളെയും സ്‌കൂളില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് ഷെര്‍വാനി പറഞ്ഞു. പിതാവ് വന്ദേമാതരം പാടിയതിനെതിരെയും തങ്ങള്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതായും ഇദ്ദേഹം പറഞ്ഞു. തന്നെ കാഫീര്‍ എന്ന് വിളിച്ചാണ് ദല്‍ഹി ജുമാ മസ്ജിത് ഇമാം മൗലാന അഹമ്മദ് ബുഖാരി ഫത്‌വ പുറപ്പെടുവിച്ചതെന്ന് ഷെര്‍വാനി പറഞ്ഞു.
ഫത്‌വ വന്ദേമാതരം പാടാന്‍ തനിക്ക് തടസ്സമായില്ലായെന്നും ഇദ്ദേഹം പറഞ്ഞു.
ഒമ്പത് വയസ്സുള്ളപ്പോള്‍ മുതല്‍ വന്ദേമാതരം ആലപിക്കുന്നതാണ്. തങ്ങള്‍ ആരെയും ബഹുമാനിക്കാതിരുന്നിട്ടാല്ലായെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ സുന്നി ഉലേമ ബോര്‍ഡ് പ്രസിഡന്റ് സെയ്ദ് ഷാ ബദറുദ്ദീന്‍ ദേശീയ ഗീതത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഇത്‌നെതിരെയും ഷെര്‍വാനി ശക്തമായ നിലപാടെടുത്തിരുന്നു.
















