മുംബൈ: കോപര്‍ഡി കൂട്ടബലാല്‍സംഗ കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ, സന്തൊഷ് ഗോരഖ് ഭവാല്‍, നിതിന്‍ ഗോപിനാഥ് ഭൈലുമെ എന്നിരെയാണ് തൂക്കിലേറ്റാന്‍ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18 ന് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് മറാത്ത പെണ്‍കുട്ടിയും പ്രതികള്‍ ദളിത് സമുദായക്കാരുമായതടെ സംഭവം മറാത്താ പ്രക്ഷോഭത്തിനും വഴിവെച്ചിരുന്നു.
ദല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയേക്കാള്‍ ദാരുണമായാണ് ഈ 15കാരി 2016 ജൂലൈ 13ന് മഹാരാഷ്‌ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 15കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിന്‍ഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഇവര്‍ പെണ്‍കുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. തോളെല്ലെുകള്‍ പൊട്ടിയിരുന്നു. കഴുത്തു ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
















