ആലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുമ്പോഴും കര്‍ഷകരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. തലച്ചോറിനുണ്ടായ അണുബാധയെ തുടര്‍ന്നാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്.
അമ്പലപ്പുഴ, കഞ്ഞിപ്പാടം, വണ്ടാനം പ്രദേശങ്ങളില്‍ അയ്യായിരത്തോളം താറാവുകള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ചത്തു. രോഗം ബാധിച്ച 15,000ത്തിലേറെ താറാവുകള്‍ കഞ്ഞിപ്പാടം പ്രദേശത്തുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ഇവയ്‌ക്കാവശ്യമായ വാക്‌സിനുകള്‍ പോലും ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് തടയാനും നടപടിയില്ല.
രണ്ടു മാസം പ്രായമായ താറാവുകളെ വീടിനോടു ചേര്‍ന്നു കൂട്ടിലാണു വളര്‍ത്തിയിരുന്നത്. പിന്നീടു കൊയ്‌ത്തു കഴിഞ്ഞ നെടുമുടിയിലെ ചില പാടശേഖരങ്ങളിലും വണ്ടാനം കിഴക്ക് നാലുപാടത്തും തീറ്റയ്‌ക്കു കൊണ്ടുപോയിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പു പക്ഷിപ്പനി പിടിപെട്ടപ്പോള്‍ താറാവുകളെ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലമാണു നാലുപാടം ചിറ.
നിലവില്‍ താറാവുകള്‍ക്കു ബാധിച്ചിരിക്കുന്നതു പക്ഷിപ്പനിയല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. ബാക്ടീരിയ രോഗമായ പാസ്റ്ററെല്ലയാണ് താറാവുകള്‍ക്ക് ബാധിച്ചതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമായ താറാവുകള്‍ക്ക് 200 രൂപ വില ലഭിക്കുന്ന സാഹചര്യത്തിലാണു കൂട്ടത്തോടെ ചത്തു തുടങ്ങിയത്. രോഗം പടരുന്നത് ക്രിസ്തുമസ് വിപണിയെ ബാധിക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
















