കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ നിയന്ത്രണം സിപിഎം കൈയടക്കുന്നു. ആശുപത്രി ഭരണത്തിലും താത്കാലിക നിയമനങ്ങളിലുമുള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍ ഇടപെടുകയാണ്. ആശുപത്രി വികസന സൊസൈറ്റികള്‍ (എച്ച്ഡിഎസ്) പുനഃസംഘടിപ്പിക്കാതെ നീട്ടിക്കൊണ്ടുപോയാണ് ആശുപത്രി ഭരണം സിപിഎം പിടിക്കുന്നത്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആശുപത്രികളില്‍ നിലവിലുണ്ടായിരുന്ന എച്ച്ഡിഎസ് മരവിപ്പിച്ചു. ഭരണം മാറിയപ്പോള്‍ എച്ച്ഡിഎസ് പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളും അംഗങ്ങളും കരുതിയത്.
എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും സൊസൈറ്റികള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല. ഇതിനിടെ മെഡിക്കല്‍ കോളേജുകളുടെ ഭരണകാര്യങ്ങളിലും നിയമനങ്ങളിലും സിപിഎം ജില്ലാ നേതൃത്വങ്ങളടക്കം ഇടപെട്ടു. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന പട്ടികയനുസരിച്ച് മാത്രമേ ആശുപത്രികളില്‍ നിയമനം നല്‍കാവൂവെന്ന അവസ്ഥവരെയായി.
നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ്, ഇലക്ട്രീഷന്‍ തുടങ്ങി ഒട്ടേറെ തസ്തികകളില്‍ എംപ്ലോയ്‌മെന്റ് ഓഫീസുകളെപ്പോലും നോക്കുകുത്തിയാക്കി നിയമനങ്ങള്‍ നടത്തുന്നെന്നാണ് ആരോപണം.
വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു എച്ച്ഡിഎസ്. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത് എച്ച്ഡിസിയായിരുന്നു.
തെറ്റായ തീരുമാനങ്ങളുണ്ടായാല്‍ അംഗങ്ങളുടെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, എച്ച്ഡിഎസ് മരവിപ്പിച്ചതോടെ പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടിയെടുത്തുതുടങ്ങി.
സര്‍ക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇതിലൂടെ വന്‍ അഴിമതിക്ക് കളമൊരുങ്ങുമെന്നാണ് മരവിപ്പിച്ച വികസന സൊസൈറ്റിയിലെ അംഗങ്ങളുടെ നിലപാട്. എച്ച്ഡിഎസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങളില്‍ ചിലര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കത്ത് നല്‍കി. എന്നാല്‍, ഇതിനും മറുപടി ലഭിച്ചിട്ടില്ല.
















