ദൈവദശകത്തിന്റെ രചനാ ശതാബ്ദി സ്മാരകമായി ഗുരുധര്‍മ്മ പ്രചരണസഭ ശിവഗിരിയില്‍
നിര്‍മ്മിച്ച മന്ദിരത്തിന്റെ സമര്‍പ്പണം സ്വാമി അഗ്‌നിവേശ് നിര്‍വ്വഹിക്കുന്നു
ശിവഗിരി: ജാതീയമായ ഉച്ചനീചങ്ങള്‍ക്കും മതപരമായ വിവേചനങ്ങള്‍ക്കുമെതിരെ പോരാടിയ മഹാഗുരുവും വിപ്ലവകാരിയുമായിരുന്നു ശ്രീനാരായണഗുരുവെന്ന് ആര്യസമാജത്തിന്റെ വേള്‍ഡ് കൗണ്‍സില്‍ പ്രസിഡന്റ് സ്വാമി അഗ്‌നിവേശ് പറഞ്ഞു.
ദൈവദശകത്തിന്റെ രചനാ ശതാബ്ദി സ്മാരകമായി ഗുരുധര്‍മ്മ പ്രചരണസഭ ശിവഗിരിയില്‍ നിര്‍മ്മിച്ച മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത ഭേദവിചാരങ്ങളില്ലാത്ത ഏകലോകത്തെയാണ് ശ്രീനാരായണഗുരു സ്വപ്‌നം കണ്ടത്. സ്ത്രീ പുരുഷ സമത്വത്തിനും ഗുരു പ്രാധാന്യം നല്‍കി. മനുഷ്യരാശി ഒന്നാകെ സമാധാനത്തോടയും ഒരുമയോടെയും ജീവിക്കുന്ന ഒരു ലോകപാര്‍ലമെന്റിന്റെ പ്രസക്തിയാണ് ഗുരുസന്ദേശങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശാനന്ദ സന്നിഹിതനായിരുന്നു. ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ സംസാരിച്ചു. അഗ്‌നിവേശിന് ഗുരുധര്‍മ്മ പ്രചരണസഭയുടെ ഉപഹാരം സ്വാമി പ്രകാശാനന്ദ സ്വാമി നല്‍കി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,ഗുരുധര്‍മ്മ പ്രചരണസഭ രജിസ്ട്രാര്‍ ടി.വി.രാജേന്ദ്രന്‍ എന്നിവരും സംസാരിച്ചു.
















