സര്‍ക്കാരിന്റെ ഓണത്തിനൊരു മുറം പച്ചക്കറിയുടെ പദ്ധതിയുടെ ആശയം മുളപ്പിച്ച് സമ്മാനിച്ചത് പന്തളം കരിമ്പു വിത്തുത്പാദന കേന്ദ്രത്തിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.സി. ഹരികുമാറാണ്. ഇത് ഉള്‍ക്കൊണ്ടാണ് കൃഷി വകുപ്പ് അഞ്ചിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ 57 ലക്ഷം പായ്ക്കറ്റുകള്‍ കഴിഞ്ഞ ഓണത്തിനു കൃഷിഭവനിലൂടെ വിതരണം ചെയ്തത്. വെജിറ്റെബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സിലാണ് വിത്ത് എത്തിച്ചത്. ഈ സംരംഭം വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്. സ്വന്തം വീട്ടില്‍ പരീക്ഷിച്ചു വിജയിച്ച മാതൃക മലയാളക്കരയില്‍ തരംഗമാകുമ്പോള്‍ കണ്ടിയൂര്‍ സ്വദേശി വിളവെടുപ്പിന്റെ തിരക്കിലാണ്.
ഫേസ്ബുക്കില്‍ സ്വന്തം പേജിലൂടെ കാര്‍ഷിക സംശയങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട് ഈ കൃഷി ഓഫീസര്‍. ഫേസ്ബുക്കിലൂടെ മാത്രം പതിനയ്യായിരത്തിലധികം പേരെ കൃഷിക്കാരാക്കിയതായി പറയുന്ന ഹരികുമാറിന്റെ ലക്ഷ്യം പുതിയൊരു കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കലാണ്.
സ്വന്തമായി ആകെയുള്ള 12 സെന്റിലും വീടിന്റെ ടെറസിലും പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ചപ്പോഴാണ് ഈ ആശയം കേരളമാകെ പടര്‍ത്തണമെന്ന് ഹരികുമാറിന് തോന്നിയത്.
പടവലം, പാവല്‍, പയര്‍, മുളക്, വെണ്ട, വഴുതന, മത്തന്‍, കുമ്പളം, കോവല്‍, നിത്യ വഴുതന തുടങ്ങി ഇരുപതിനം പച്ചക്കറികള്‍ ഈ ചെറു പറമ്പില്‍ കായ്ച്ചുല്ലസിച്ച് നില്ക്കുന്നു. തെങ്ങും വാഴയുമുണ്ട്. മുട്ടയ്ക്കായി കരിങ്കോഴികളെ വളര്‍ത്തുന്നു. ശാസ്ത്രീയമായി നിര്‍മ്മിച്ച കുളത്തില്‍ കരിമീന്‍, കട്ല, രോഹു, മലേഷ്യന്‍ വാള എന്നിവയെ വളര്‍ത്തുന്നു. ശുദ്ധമായ തേനും വീട്ടില്‍ ഉത്പാദിപ്പിക്കുന്നു. ജൈവ കൃഷിക്കായി മണ്ണിര കമ്പോസ്റ്റ് ടാങ്ക്, ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പാചക വാതകമുണ്ടാക്കുന്നതിന് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് എന്നിവ വീട്ടുമുറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്. മണ്ണിര കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറിയുമാണ് കൃഷിയ്ക്ക് വളം.
മാവേലിക്കര കണ്ടിയൂര്‍ പനമ്പിലാവില്‍ വീട്ടില്‍ ഹരി കുമാറിനൊപ്പം ഭാര്യ പ്രതീക്ഷയും സ്കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ അഞ്ജലിയും ആദിത്യനും കൃഷിയില്‍ പങ്കാളികളാണ്. ചെന്നിത്തല-തൃപ്പെരുന്തുറ വില്ലേജ് ഓഫീസറാണ് പ്രതീക്ഷ. ഓണത്തിനു നേന്ത്രക്കുല എന്ന പേരില്‍ വാഴക്കൃഷി പ്രചാരണവും ഹരികുമാര്‍ ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 9447452403
പ്രതികരിക്കാൻ ഇവിടെ എഴുതുക: