മാരാരിക്കുളത്ത് റിസോര്‍ട്ട് സംരക്ഷണത്തിനായി കടല്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നു
ആലപ്പുഴ: കടല്‍ത്തീരങ്ങള്‍ കയ്യടക്കി നിര്‍മ്മിച്ച റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കൂറ്റന്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് മണ്ണെടുക്കുന്നത് തീരവാസികളെ ഭയാശങ്കയിലാക്കുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഹോംസ്‌റ്റേയിലും ഇത്തരത്തില്‍ കടലോരത്തുനിന്ന് മണ്ണെടുക്കുന്നു.
ഇതിനെതിരെ നിരന്തരം പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. 21, 23 വാര്‍ഡുകളെ വേര്‍തിരിക്കുന്ന വാഴക്കൂട്ടം പൊഴിക്ക് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോംസ്‌റ്റേയും കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷ നേടാന്‍ കൂറ്റന്‍ മണ്ണുവാരി യന്ത്രങ്ങള്‍ ഉപയോഗിച്ച് കടലോരത്ത് നിന്ന് മണ്ണെടുത്ത് റബ്ബര്‍ ചാക്കിനുള്ളില്‍ നിറച്ച് നിരത്തുകയാണ്.
എന്നാല്‍ ഇത് സമീപത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് ദോഷകരമാണ്. കടലോരത്ത് കുഴികള്‍ എടുക്കുന്നതും ചില സ്ഥലങ്ങളില്‍ മാത്രം മണ്ണിട്ടു ഉയര്‍ത്തുന്നതും, മറ്റു സ്ഥലങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാകാമെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പല റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവര്‍ത്തനം.
പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് മാദ്ധ്യമ ഗ്രൂപ്പ് കടലോരം കയ്യടക്കിയത്. തീരദേശത്തെ വീടുകള്‍ക്ക് അറ്റകുറ്റപണി നടത്തുന്നതിന് തടസ്സമാകുന്ന സര്‍ക്കാരിന്റെ കര്‍ശന വിലക്കുകള്‍ പോലും മറികടന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മ്മാണത്തിനിടെ നാട്ടുകാര്‍ തന്നെ നിരവധി പരാതികളും ആക്ഷേപകളും ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.
റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുകയാണുണ്ടായത്. രാഷ്‌ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
പ്രദേശവാസികളെ പിന്തുണയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. സിപിഎം ശക്തമായി എതിര്‍ക്കുന്നെന്ന് അവകാശപ്പെടുന്ന മാദ്ധ്യമ സ്ഥാപനം നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തും കണ്ടില്ലെന്ന് നടിക്കുകയാണ്.
















