പാനൂര്‍(കണ്ണൂര്‍): ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊടി സുനി എന്ന സുനില്‍കുമാര്‍ ജയിലില്‍ വെച്ച് നടത്തുന്ന പണമിടപാടുകള്‍ സിപിഎം നേതൃതം അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമായി. 2016ല്‍ കോഴിക്കോട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോ കളളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ സുനി ഫോണിലൂടെ നടത്തിയ നീക്കം പുറത്തു വന്നിരുന്നു. കോഴിക്കോട്ട് ഒരു കെട്ടിട നിര്‍മാണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ തലശ്ശേരിയിലെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതും സുനിയും സംഘവുമായിരുന്നു.
കെട്ടിടത്തിന്റെ നടത്തിപ്പുകാരനായ പത്തനംതിട്ടയിലെ പ്രശാന്ത് എന്നയാള്‍ നല്‍കിയ ക്വട്ടേഷനായിരുന്നു ഇത്. തലശ്ശേരിയിലെ ഓഫീസിലെത്തി പള്ളൂര്‍, കൂത്തുപറമ്പ്് ഭാഗങ്ങളിലെ സുനിയുടെ കൂട്ടാളികള്‍ ഭീഷണി മുഴക്കിയതോടെ കേസ് പിന്‍വലിക്കുകയായിരുന്നു അഭിഭാഷകന്‍. ഇക്കാര്യത്തില്‍ കണ്ണൂരിലെ ഒരു സിപിഎം എംഎല്‍എയും ഇടപ്പെട്ടിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഒരു ഘട്ടത്തില്‍ ആരോപണ വിധേയനായിരുന്നു പ്രശാന്ത്. കോടികള്‍ സരിത എസ്.നായര്‍ക്ക് നല്‍കിയ ഇടനിലക്കാരന്‍ പ്രശാന്തായിരുന്നുവെന്നും അന്ന് വാര്‍ത്തയുണ്ടായിരുന്നു.
പള്ളൂര്‍ ഭാഗത്തുളള ബാര്‍ മുതലാളിമാരുടെ തര്‍ക്കത്തിലും സുനിയാണ് അവസാന വാക്ക്. കൊയിലാണ്ടി കേന്ദ്രീകരിച്ച് കോടികളുടെ വിദേശ പണമിടപാടിലും സുനി ഇടപ്പെട്ടിരുന്നു. ഇതേ പ്രശ്‌നത്തില്‍ പാനൂര്‍ ഏരിയാ കമ്മറ്റിയിലെ പ്രമുഖ നേതാവ് ഇടപ്പെട്ടതോടെ സുനി പിന്‍വാങ്ങുകയായിരുന്നു. ജയിലിനുളളില്‍ നിന്നും നേതാക്കളെ സ്ഥിരമായി വിളിക്കുന്ന സുനി സഹതടവുകാരിലൂടെയാണ് ഇടപാടുകരെ ബന്ധിപ്പിക്കുന്നത്. ജയിലിനുള്ളില്‍ നിന്നും കവര്‍ച്ചയും പണമിടിപാടുകളും നടത്തുന്ന സുനിക്ക് അമ്മയുടെ അസുഖത്തിന്റെ പേരില്‍ സര്‍ക്കാര്‍ പരോളും അനുവദിച്ചിരുന്നു.
















