കട്ടപ്പന: ശിലായുഗത്തിന്റെ അവശേഷിപ്പുകളായ മുനിയറകളും ശിലാപാളികളും നാശത്തിന്റെ വക്കില്‍. പുരാവസ്തുവകുപ്പ് സംരക്ഷണം ഏറ്റെടുത്ത മറയൂരിലെ മുനിയറകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മൂവായിരം മുതല്‍ ആറായിരം വര്‍ഷത്തിനപ്പുറമുള്ള ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളും.
അടുത്തകാലം വരെ മൂവായിരത്തോളം മുനിയറകളുണ്ടായിരുന്ന മേഖലയില്‍ നിലവില്‍ അവശേഷിക്കുന്നത് 150-ല്‍ താഴെ മാത്രം. മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967-ലെ ട്രാവന്‍കൂര്‍ സ്റ്റഡീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോവില്‍ക്കടവ് ഭാഗത്തെ പാമ്പാറിന്റെ തീരങ്ങള്‍, കോട്ടുര്‍ക്കുളം, മുരുകന്‍മല എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകള്‍ ഉള്ളതായാണ് ഇതില്‍ പറയുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാംസ്‌കാരികമായി ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ജനത വസിച്ചിരുന്നു എതിന്റെ തെളിവ് കൂടിയാണ് മുനിയറകള്‍. ഇവ സംരക്ഷിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് മറയൂര്‍ പഞ്ചായത്ത് മുനിയറകള്‍ക്ക് ചുറ്റും സംരക്ഷണ വേലി സ്ഥാപിച്ചിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കാതെ വന്നതോടെ ഇവ കാട് കയറി.
2006-ല്‍ മറയൂരിലെ മുനിയറകള്‍ സംസ്ഥാന സര്‍ക്കാര്‍ പുരാവസ്തു സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചതിന് ശേഷമാണ് വളരെയധികം നാശം സംഭവിക്കുന്നത്.
















