കൊച്ചി: രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള കാര്‍ഷിക മേഖയുടെ കഴിവ് കാര്‍ഷികേതര മേഖലയുടേതിനേക്കാള്‍ നാലുമടങ്ങ് കൂടുതലാണെന്ന് നിതി ആയോഗ് അംഗം പ്രൊഫ. രമേഷ് ചന്ദ്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് രാജ്യത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്‍ക്ലൂസീവ് ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ (ഐഐഇഎഫ് 2017) ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് വിലവ്യതിയാനം ഉണ്ടാകുന്നുണ്ട്. എണ്ണക്കുരുവിനും പയര്‍വര്‍ഗ്ഗങ്ങള്‍ക്കും വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഗുണപരമായ നയങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. സാങ്കേതിക വിദ്യയും നൈപുണ്യവികസനവും കാര്‍ഷിക മേഖലയിലും അനിവാര്യമണെന്നും അദ്ദേഹം പറഞ്ഞു.
















