കൊല്ലം: നിയമപരമായും ധാര്‍മികമായും തുടരാനുള്ള അവകാശം നഷ്ടപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് . സര്‍ക്കാര്‍ രാജിവച്ചില്ലെങ്കില്‍ വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഒരേ സമയത്ത് രണ്ട് മന്ത്രിസഭാ യോഗങ്ങളാണ് നടന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും സിപിഐക്കാരനായ റവന്യൂമന്ത്രിയുടെ അധ്യക്ഷതയിലും. ഇത് രാജ്യത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. കൂട്ടുത്തരവാദിത്വം തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി, തോമസ് ചാണ്ടിയോട് രാജി വയ്‌ക്കാനാവശ്യപ്പെടുകയല്ല സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള എന്തോ ഒന്ന് ചാണ്ടിയുടെ കയ്യിലുണ്ട് എന്നുറപ്പാണ്. ഇത് കവിയൂര്‍, കിളിരൂര്‍ കേസുകളുമായി ബന്ധപ്പെട്ട രേഖകളാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു. തോമസ് ചാണ്ടി രാജി വച്ചില്ലെങ്കില്‍ പിണറായി വിജയന് തന്നെ രാജിവയ്‌ക്കേണ്ടിവന്നേനെ. രമേശ് പറഞ്ഞു.
















