വിവാദക്കായലില്‍ മുങ്ങി മന്ത്രി സ്ഥാനം പോയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി വെറുമൊരു കായല്‍ മീനല്ല. കോടികളുടെ ആസ്തിയുള്ള മുന്‍ഗതാഗ ത മന്ത്രിയാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ നേതാവ്. 2016ലെ കണക്കു പ്രകാരം ഈ 70 കാരന്റെ പ്രഖ്യാപിത സ്വത്ത് 92.37 കോടി. അഞ്ചു വര്‍ഷം മുന്‍പ് ഇത് 40 കോടിയായിരുന്നു. രാഷ്‌ട്രീയത്തിലും ഹോട്ടല്‍ ബിസിനസിലും പള്ളിക്കൂട വ്യവസായത്തിലും അടക്കം കൈവച്ച മേഖലയിലെല്ലാം നേട്ടമുണ്ടാക്കിയ തോമസ് ചാണ്ടി വിവാദമുണ്ടാക്കാനും മിടുക്കനായിരുന്നു.
കായലുകളുടെയും പാടങ്ങളുടെയും നാടായ കുട്ടനാട്ടിലെ പാവപ്പെട്ട കുടുംബത്തിലാണ് ജനനം. 1947 ആഗസ്റ്റ് 29 ന് ചേന്നംകരി കളത്തിപ്പറമ്പില്‍ വി.സി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകന്റെ പത്താം ക്‌ളാസ് വരെയുള്ള പഠനം നാട്ടില്‍. പിന്നെ ചെന്നൈയില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ. പഠനകാലത്ത് കെഎസ്‌യുവില്‍. പിന്നെ കോണ്‍ഗ്രസില്‍. പിന്നെ ജീവിതോപാധി തേടി ഗള്‍ഫിലേക്ക്. കുവൈറ്റില്‍ ഒരു സ്‌റ്റോര്‍ കീപ്പറായി തുടങ്ങി. അവിടെ നിന്ന് കമ്പനിയുടെ ഗതാഗത, ചരക്ക് നിയന്ത്രണ വിഭാഗം മാനേജരായി. പിന്നെ മിന്നല്‍ പോലെയായിരുന്നു വളര്‍ച്ച. അതോടെ കുവൈറ്റ് ചാണ്ടിയെന്ന പേരും വന്നു.
ഹോട്ടല്‍ ബിസിനസിലായി ശ്രദ്ധ. സ്‌കൂളുകളുടെ വിപുലമായ ശൃംഖല തുടങ്ങി, അത് പ്രധാന വരുമാന സ്രോതസ്സുമായി. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, കുവൈറ്റിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ തുടങ്ങിയവയുടെ ചെയര്‍മാനാണ്. സൗദിയിലെ റിയാദിലുള്ള അല്‍അലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും ചാണ്ടിയുടേതാണ്. ഗള്‍ഫിലെ സ്‌കൂളുകളുടെ മേല്‍നോട്ടം ഭാര്യ മേഴ്‌സി ചാണ്ടിക്കാണ്. 2000ല്‍ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അഴിമതിയില്‍ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇതിനൊക്കെ ശേഷമാണ് രാഷ്‌ട്രീയം കളിക്കാനും സമയം കണ്ടെത്തിയത്. ഗള്‍ഫില്‍ ബിസിനിസും നാട്ടില്‍ പൊളിറ്റിക്‌സുമായി മുന്നേറി. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വലിച്ചെറിയാന്‍ കൈയില്‍ കാശുെണ്ടന്ന് വന്നതോടെ നേതാക്കളുടെ മിത്രമായി. കാശെറിഞ്ഞ് കളിച്ച ചാണ്ടിയെ ചൂണ്ടാന്‍ പലരും വന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെ സമയത്ത് ലീഡര്‍ കെ. കരുണാകരനൊപ്പം ഡിഐസിയില്‍. 2006ല്‍ ഡിഐസിയുടെ ബാനറില്‍ കുട്ടനാട്ടില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ആ പാത പിന്തുടര്‍ന്നില്ല. നേതാക്കളുടെ ബാഹുല്യമുള്ള അവിടെ ചെന്നാല്‍ വലിയ നേട്ടമൊന്നും ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ചാണ്ടി എന്‍സിപിയില്‍ ചേക്കേറി. നേതാക്കള്‍ അണികളും അണികള്‍ നേതാക്കളുമായ ആ ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ മുടിചൂടാ മന്നനായി.
പാര്‍ട്ടിയെ നിയന്ത്രിക്കുന്ന കൈകളായി. 2011ലും 2016ലും കുട്ടനാട്ടില്‍ നിന്ന് ജയിച്ചു. 2006ലും 2011ലും തോല്‍പ്പിച്ചത് ഡോ. കെസി ജോസഫിനെ. 2016ല്‍ ജേക്കബ് ഏ്രബഹാമിനെയാണ് പരാജയപ്പെടുത്തിയത്. കുവൈറ്റിലും സൗദിയിലുമായി ബിസിനസ് സാമ്രാജ്യം. പാവപ്പെട്ടവര്‍ക്ക് വീടും മറ്റും നല്‍കുന്ന ദാവീദ്പുത്ര ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനാണ്. വിവാദമായ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന്റെ ഉടമയായ ചാണ്ടിക്ക് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ ഒരു കോടിയുടെ ഓഹരിയാണ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്‌കോഡ സുപര്‍ബ്, ടയോട്ട ഇന്നോവ അടക്കം ആഡംബര കാറുകളുമുണ്ട്. രണ്ട് ഹൗസ് ബോട്ടുകള്‍, രണ്ട് സ്പീഡ് ബോട്ടുകള്‍, നാലു ബോട്ടുകള്‍ തുടങ്ങിയവയും സ്വന്തം. ചാണ്ടിക്കും ഭാര്യ മേഴ്‌സിക്കുമായി 60 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പോളിസിയുമുണ്ട്..
മക്കള്‍: ബെറ്റി ലെനി (പെന്‍സില്‍വാനിയ സര്‍വകലാശാല), ഡോ. ടോബി ചാണ്ടി (ലേക്ഷോര്‍ ആശുപത്രി), ടെസി ചാണ്ടി (കുവൈത്ത്), മരുമക്കള്‍: ലെനി മാത്യു (സയന്റിസ്റ്റ്), ഡോ. അന്‍സു ടോബി (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം), ജോയല്‍ (എന്‍ജിനീയര്‍, കുവൈത്ത്).
കോടീശ്വരന്‍ പക്ഷേ, ചികിത്സക്ക് സര്‍ക്കാര്‍ കാശ്
കേരളത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രിയായിരുന്നുവെങ്കിലും മുന്‍പ് ചികിത്സക്ക് സര്‍ക്കാരിന്റെ കാശ് തന്നെ എടുത്തു എന്നതാണ് വിരോധാഭാസം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എമാരുടെ ചികിത്സക്ക് സര്‍ക്കാര്‍ ചെലവിട്ടത് 4.25 കോടിയായിരുന്നു. അതിര്‍ 1.91 കോടിയും തോമസ് ചാണ്ടിയുടേതായിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
















