ചെന്നൈ: കറന്‍സികളിലെ മഹാത്മാ ഗാന്ധിയുടെ പേരില്‍ നിന്ന് മഹാത്മാ എന്ന വാക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയയാളെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു, ഇയാള്‍ക്ക് പതിനായിരം രൂപ പിഴയും ചുമത്തി. പൊതുതാല്പ്പര്യ ഹര്‍ജിയെന്ന പേരില്‍ ഇത്തരം പരാതികള്‍ നല്‍കി കോടതിയുടെ വിലയേറിയ സമയം അപഹരിക്കുകയാണെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി.
ഗവേഷകനായ എസ്. മുരുകാന്ദമാണ് ഹര്‍ജി നല്‍കിയത്. മഹാത്മയെന്ന വാക്ക് ഉപയോഗിക്കുന്നത് ഭരണഘടനയുടെ 14,18 വകുപ്പുകളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ വാദം കോടതി തള്ളി. രവീന്ദ്രനാഥ ടാഗോറാണ് ഗാന്ധിജിയെ മഹാത്മയെന്ന് വിശേഷിപ്പിച്ചത്. കോടതി ചൂണ്ടിക്കാട്ടി.
കൃത്യമായി, അതേ അര്‍ഥത്തിലുള്ള ഒരു പദവിയൊന്നുമല്ല അത്. ഭരണഘടനയില്‍, എല്ലാവര്‍ക്കും തുല്യത നല്‍കുന്ന 14ാം വകുപ്പ് എങ്ങനെയാണ് ലംഘിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നുമില്ല. കോടതി പറഞ്ഞു.രാജ്യം അദ്ദേഹത്തിന് അത്തരമൊരു പദവി നല്‍കിയിട്ടുമില്ല. കോടതി വ്യക്തമാക്കി. ഇന്ത്യന്‍ കറന്‍സി നോട്ടില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരും ഫോട്ടോയും വാട്ടര്‍മാര്‍ക്കുമുണ്ട്.
















