ശാസ്താംകോട്ട: ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ക്ഷേത്രം മേല്‍ശാന്തി അനീഷ് നമ്പൂതിരി ശരണം വിളികളുടെ അകമ്പടിയില്‍ മണ്ണൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ട് നിറച്ചു. ക്ഷേത്രഭരണസമിതി സെക്രട്ടറി രവിമൈനാഗപ്പള്ളിയാണ് അനീഷ് നമ്പൂതിരിയ്‌ക്ക് ഇരുമുടിക്കെട്ട് എടുത്തുനല്‍കിയത്. മണ്ണൂര്‍ക്കാവില്‍വച്ച് കെട്ടുനിറച്ച 25 നമ്പൂതിരിമാര്‍ ഇദ്ദേഹത്തോടൊപ്പം എരുമേലില്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തും. അയ്യപ്പസന്നിധിയില്‍ പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനം നടത്തിയതിന് ശേഷം ഇന്നുവൈകിട്ട് അഞ്ചിന് കലശാഭിഷേകത്തോടുകൂടിതന്ത്രി കണ്ഠരര് മഹേശ്വരരില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി ചുമതല ഏറ്റെടുക്കും. ഇനിയുള്ള ഒരു വര്‍ഷക്കാലം പുറപ്പെടാശാന്തിയായി അനീഷ് നമ്പൂതിരി അവിടെ പൂജ ചെയ്യും.
















