തിരുവനന്തപുരം: മന്ത്രിസഭയില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. ഇതോടെ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അനിശ്ചിതത്വം വീണ്ടും തുടരുകയാണ്. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് രാവിലെ എന്‍സിപി നേതാക്കള്‍ അറിയിച്ചിരുന്നു. പത്തരയ്‌ക്ക് ശേഷം ചര്‍ച്ച നടക്കുമെന്ന് എന്‍സിപി നേതാക്കള്‍ അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെട്ടോയെന്ന ചോദ്യത്തോട് അക്കാര്യം പരസ്യപ്പെടുത്താനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്‍സിപിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുക. ഒരു മുന്നണി എന്ന നിലയില്‍ ഘടക കക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ടത്.
മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നത് അസാധാരണ സംഭവമാണ്. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് സിപിഐ രാവിലെ കത്ത് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയ്‌ക്ക് തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രനേതൃത്വം തീരുമാനിക്കെട്ട എന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ സ്വീകരിച്ചത്. ഇതിനോട് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനടക്കം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന.
ഹൈക്കോടതി പരാമര്‍ശങ്ങളും ഘടകകക്ഷികളുടെ അതൃപ്തിയും പരിഗണിച്ച് കേന്ദ്ര നിലപാട് വരുന്നതിന് മുമ്പുതന്നെ തീരുമാനം വേണമെന്ന് വൈകീട്ട് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും പല മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാത്രി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായി പീതാംബരന്‍ മാസ്റ്റര്‍ സ്ഥിതിഗതികള്‍ വീണ്ടും ചര്‍ച്ച ചെയ്തിരുന്നു. രാജി വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ അതിന് വഴങ്ങാനും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ മന്ത്രിയോട് രാജി ആവശ്യപ്പെടാനും പീതാംബരനെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.
















