കൊച്ചി: നല്ല പ്രായത്തില്‍ കഠിനാധ്വാനം ചെയ്ത കേരളത്തിലെ വയോധികര്‍ വിശ്രമിക്കേണ്ട പ്രായത്തിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നു. മരുന്നിനും ഭക്ഷണത്തിനും പണമില്ലാത്തവരാണ് ഇവരിലേറെയും. സാക്ഷരതയിലും അടിസ്ഥാന സൗകര്യവികസനത്തിലും മേനി പറയുന്ന കേരളത്തിലാണ് വയോജനങ്ങള്‍ക്ക് ജീവിതാവസാനം ഈ ഗതികേട്. കേരളത്തെ വയോജന സൗഹൃദമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നതും വയോധികര്‍ക്ക് തിരിച്ചടിയായത്.
സംസ്ഥാനമൊട്ടാകെ തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം 1.88 ലക്ഷം വയോധികര്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിന് മുകളിലാണിത്. മറ്റുമേഖലയില്‍ പണിയെടുക്കുന്നവരെക്കൂടി കണക്കെടുത്താല്‍ എണ്ണം ഇനിയും ഉയരും. 80 വയസ്സിനും 100 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും പകല്‍ പൊരിവെയിലില്‍ പണിയെടുക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. 80 കഴിഞ്ഞ 2786 പേരാണ് തൊഴിലുറപ്പില്‍ ഇപ്പോഴും സജീവമായി പണിയെടുക്കുന്നത്. മണ്ണ് കിളയ്‌ക്കുന്നതടക്കം കഠിനാധ്വാനമേറിയ പണികളാണ് ഇവരിലേറെയും ചെയ്യുന്നത്.
80 വയസ്സ് കഴിഞ്ഞ 61,000 പേരാണ് തൊഴിലുറപ്പില്‍ പണിയെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലേറെപ്പേരും കിടപ്പിലായതോടെയാണ് തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിച്ചത്. കുറെപ്പേര്‍ തൊഴില്‍ ചെയ്യുന്നതിനിടെ മരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയാണ് വയോധികരെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ മുന്നില്‍. കാല്‍ ലക്ഷത്തിലധികം വയോജനങ്ങളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 80 കഴിഞ്ഞ 523 പേരുമുണ്ട്.
വയോജനങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ കോഴിക്കോട് ജില്ലയാണ് രണ്ടാമത്. 19.48 പേരാണ് ഇവിടെ പണിയെടുക്കുന്നത്. വയനാട് ജില്ലയിലാണ് കുറവ്, 2001 പേര്‍. മറ്റു ജില്ലകളില്‍ ശരാശരി 5000 പേര്‍ വീതം പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ വയോജന സൗഹൃദമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, എല്ലാം കടലാസിലൊതുങ്ങി.
പണിയെടുക്കാതെ യുവത്വം
കൊച്ചി: വയോധികര്‍ നന്നായി പണിയെടുക്കുമ്പോഴും ഒരു ജോലിയും ചെയ്യാതെ കറങ്ങി നടക്കുന്ന യുവാക്കളും ഒട്ടേറെ. 18നും 30 നും ഇടയില്‍ പ്രായമുള്ള 2.75 ശതമാനം പേര്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച് പണിയെടുക്കുന്നത്. 20 ശതമാനത്തിന് മുകളില്‍ വയോധികര്‍ പണിയെടുക്കുമ്പോഴാണിത്. 3.64 ലക്ഷം യുവാക്കളാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പണിചെയ്യാന്‍ സന്നദ്ധരായത് 26,000 പേര്‍ മാത്രം.
















