തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എംഎല്‍എയും ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
തോമസ് ചാണ്ടി ബിനാമി ഇടപാട് വഴി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത അനവധി സ്വത്തുക്കളും തോമസ് ചാണ്ടിക്കുണ്ട്. ഇതെല്ലാം മറച്ചുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും തോമസ് ചാണ്ടി നല്‍കിയ സത്യവാങ്മൂലം വ്യാജമാണ്. ഭാര്യയുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തുവിവരങ്ങളും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 177-ാം വകുപ്പ് പ്രകാരം ആറുമാസം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഭരണഘടനയനുസരിച്ച് തോമസ് ചാണ്ടിയെ അയോഗ്യനാക്കാന്‍ ഇത് മതിയായ കാരണമാണെന്നും പരാതിയില്‍ പറയുന്നു.
തോമസ് ചാണ്ടി നല്‍കിയത് വ്യാജ സത്യവാങ്മൂലമാണെന്ന് തെളിയിക്കുന്ന, സ്വത്തു വിവരങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ ഉള്‍െപ്പടെയാണ് പരാതി നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
















