ഗുരുവായൂര്‍: ഗ്രാമീണ ജീവിതത്തില്‍ നിലനില്‍ക്കുന്ന ഭാരതീയ മൂല്യങ്ങളെ ശക്തിപ്പെടുത്തലാവണം സേവാപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം.രാധാകൃഷ്ണന്‍.
നഗരജീവിതത്തിലും ഗ്രാമങ്ങളുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനാകണം. വിദ്യാഭ്യാസം, തൊഴില്‍, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ മൂല്യാധിഷ്ഠിത വികസനമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമവികാസം ഏകാത്മ മാനവദര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍
സംസാരിക്കുകയായിരുന്നു.വിദ്യാഭ്യാസത്തില്‍ ഏറ്റവും പ്രധാനം മൂല്യബോധനത്തിനാണ്. എല്ലാകൈകള്‍ക്കും തൊഴില്‍ ലഭിക്കണം. എല്ലാ മനുഷ്യര്‍ക്കും ശുദ്ധമായ ആഹാരം ലഭിക്കുന്ന തരത്തില്‍ കാര്‍ഷികമേഖല പുഷ്ടിപ്പെടണം.
വ്യാവസായിക വികസനം ഗ്രാമങ്ങളെ സ്വാശ്രയത്വത്തിലേക്കും അനുപൂരകമായ പരസ്പരാശ്രയത്വത്തിലേക്കും നയിക്കണം. പ്രപഞ്ചത്തിന്റെ ഭദ്രത നിലനിര്‍ത്തുന്നതാകണം വികസനം എന്നതാണ് ഏകാത്മ മാനവദര്‍ശനത്തിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു.
















