ഹരിപ്പാട്: ആയില്യപിറ്റേന്നും മണ്ണാറശ്ശാല നാഗരാജസ്വാമി ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. ആയില്യം എഴുന്നള്ളത്തും പൂജയും കഴിഞ്ഞ് പിറ്റേന്ന് മകം നാളില്‍ വൈകുന്നേരമാണ് നട തുറക്കുക. ഇത്തവണ ആയില്യം എഴുന്നള്ളത്തും അനുബന്ധ ചടങ്ങുകളുമില്ലാതിരുന്നതിനാല്‍ ഞായറാഴ്ച രാവിലെ തന്നെ നടതുറന്നു.
മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തര്‍ജനം പതിവുപോലെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. രാവിലെയും വൈകുന്നേരവും വലിയമ്മ ദര്‍ശനവും പ്രസാദവും നല്‍കി അനുഗ്രഹിച്ചു.
ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുളള പൂജകളും മണ്ണാറശാല വലിയമ്മയാണ് നടത്തേണ്ടത്.
അമ്മയ്‌ക്ക് അസൗകര്യമുണ്ടായാല്‍ ഈ ചടങ്ങുകളൊന്നും വേണ്ടെന്ന് മണ്ണാറശ്ശാലയിലെ പൂര്‍വിക മാതാവിന് നാഗരാജാവിന്റെ അരുളിപ്പാടുണ്ടായിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനാലാണ് ഇത്തവണ വലിയമ്മയുടെ അസൗകര്യം പരിഗണിച്ച് ആയില്യം എഴുന്നള്ളത്തും പൂജയും ഒഴിവാക്കിയത്.
















