തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
തോമസ് ചാണ്ടി ബിനാമി ഇടപാട് വഴി നിരവധി സ്വത്തുക്കള്‍ സമ്ബാദിച്ചിട്ടുണ്ട്. കൂടാതെ കണക്കില്‍പ്പെടാത്ത അനവധി സ്വത്തുക്കളും തോമസ് ചാണ്ടിക്കുണ്ട്. ഇതെല്ലാം മറച്ചുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും തോമസ് ചാണ്ടി നല്കിയ സത്യപ്രസ്താവന വ്യാജമാണ്. ഭാര്യയുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തു വിവരങ്ങളും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 177 ആം വകുപ്പ് പ്രകാരം ഇത് കുറ്റകരമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഭരണഘടന അനുസരിച്ച് തോമസ് ചാണ്ടിയെ അയോഗ്യനാക്കാന്‍ ഇത് മതിയായ കാരണമാണെന്നും പരാതിയില്‍ ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോമസ് ചാണ്ടി നല്‍കിയത് വ്യാജ സത്യവാങ്മൂലമാണെന്ന് തെളിയിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് ഗവര്‍ണര്‍ തോമസ് ചാണ്ടിയെ അയോഗ്യനാക്കണം എന്നാണ് ആവശ്യം.
















