തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അപൂര്‍വ നടപടികളുമായി പോലീസ്. പോലീസ് ആസ്ഥാനം തന്നെ പോലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്യും. സോളാറുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക ഈ സ്റ്റേഷനിലായിരിക്കും.
പോലീസ് ആസ്ഥാനത്ത് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഓഫീസായിരിക്കും പോലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്യുന്നത്. ലോക്കല്‍ പോലീസില്‍ നിന്നും ക്രൈം ബ്രാഞ്ചില്‍ നിന്നുമാണ് സാധാരണ നിലയില്‍ കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറുന്നത്. വിജ്ഞാപനപ്രകാരം ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കും സോളാറിലെ നടപടികള്‍.
സംസ്ഥാന പ്ലോസ് ചരിത്രത്തില്‍ ഒരു കേസ് അന്വേഷണത്തിന് ഇതാദ്യമായാണ് പോലീസ് ആസ്ഥാനം സ്റ്റേഷനാക്കി വിജ്ഞാപനമിറക്കുന്നത്. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണത്തിന് മുഖ്യചുമതലയെങ്കിലും ഓരോ നീക്കവും നിയന്ത്രിക്കുക ഡിജിപി ലോക്‍നാഥ് ബെഹ്‌റയായിരിക്കും. രാജേഷ് ദിവാന്‍ ആറു മാസത്തിനകം വിരമിക്കുന്നതുകൊണ്ടാണ് ഡിജിപിയുടെ ഈ ഇടപെടല്‍.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവൻ, തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്‌പി ഇ.എസ്. ബിജുമോൻ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ. ഷാനവാസ്, കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി ബി. രാധാകൃഷ്ണപിള്ള എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.
















