കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ കുടുംബ ഡോക്ടറെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കി. ദിലീപിന്റെ ചികിത്സയ്‌ക്കായി വ്യാജരേഖയുണ്ടാക്കിയെന്ന് പോലീസ് സംശയിക്കുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് സാക്ഷിയാക്കിയത്.
നടി ആക്രമിക്കപ്പെട്ട ദിവസം പനി മൂലം ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നുവെന്നാണ് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ ഇല്ലാതിരുന്ന ദിവസവും ചികിത്സാരേഖയുണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ദിലീപ് ആവശ്യപ്പെട്ടിട്ടാണെന്നാണ് ഡോക്ടര്‍ പോലീസിന് നല്‍കിയ മൊഴി. ദിലീപിനെതിരെ രണ്ട് നഴ്സുമാരുടെ രഹസ്യമൊഴിയും അന്വേഷണ സംഘം എടുത്തിരുന്നു.
ദിലീപ് വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അത് നിഷേധിച്ചാണ് ഡോക്ടര്‍ പ്രതികരിച്ചത്. ദിലീപ് പകല്‍ തന്റെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും, രാത്രിയില്‍ വീട്ടില്‍ പോവുകയായിരുന്നു പതിവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.
















