ഹൈദരാബാദ്: ഓടി രക്ഷപ്പെടാതിരിക്കാന്‍ കൈകളില്‍ ചങ്ങലയിട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തെലങ്കനായിലെ ജഗത്തിലാല്‍ നഗരത്തിലെ വാണിനഗറില്‍ കൈകള്‍ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയില്‍ നിന്ന് കരയുകയായിരുന്നു ചിത്ത്യാല ഗീതയെന്ന സ്ത്രീ. നഗരസഭ കൗണ്‍സിലറുടെ സഹായത്തോടെ ജഗത്തിലാല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചങ്ങല നീക്കിയത്.
സഹോദരന്മാരും അവരുടെ ഭാര്യമാരും ഉപദ്രവിക്കുകയും വീട്ടിലെ എല്ലാ ജോലികളും ചെയ്യിപ്പിക്കുമെന്നും ഗീത പറഞ്ഞു. അവരുടെ പീഡനം സഹിക്കാനാവാതെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സഹോദരങ്ങള്‍ തന്റെ കൈ ഇരുമ്പ്് ചങ്ങലകൊണ്ട് പിറകിലേക്ക് പൂട്ടിയതായും അവര്‍ വ്യക്തമാക്കി.
ആര്‍ട്‌സ് വിഷയത്തില്‍ ബിരുദമെടുത്ത താന്‍ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുള്ളതായും ഗീത പറയുന്നു. സഹോദരന്മാരുടെ ഭാര്യമാരും തന്നോട് മോശമായാണ് പെരുമാറിയിരുന്നത്.
എന്നാല്‍, പതിവായി മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഗീതയുടെ ചികിത്സയ്‌ക്കായി വലിയ തുക ചെലവഴിച്ചതായും, ആളുകള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയപ്പോഴാണ് കൈ ചങ്ങലയിട്ട് ബന്ധിച്ചതെന്നുമാണ് ചോദ്യം ചെയ്യലിനിടെ സഹോദരങ്ങള്‍ പോലീസിനോട് പറഞ്ഞത്.
















