ചേര്‍ത്തല: ടില്ലറില്‍ കുടുങ്ങി മദ്ധ്യവയസ്‌ക്കന്റെ കാലുകള്‍ ചതഞ്ഞ് അരഞ്ഞു, അഗ്നിശമനസേന ഏറെ പണിപ്പട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പള്ളിപ്പുറം ശാന്തിക്കവലയില്‍ പുല്ലുവെട്ടുന്നതിനായി ടില്ലര്‍ പ്രവര്‍ത്തിപ്പിച്ച ചീപ്പുങ്കല്‍, ശ്രീക്കുട്ടി ഭവനത്തില്‍ കുമാരനാ(60)ണ് ടില്ലറില്‍ കുടുങ്ങിയത്.
ശരീരത്തിന്റെ പുതിയോളം ടില്ലറില്‍ കുടുങ്ങുകയും വലത് കാലിന്റെ മുട്ടുമുതല്‍ താഴോട്ട് പൂര്‍ണ്ണമായും ഇടത്തു കാല്‍ ഭാഗികമായും ചതഞ്ഞ് അരയുകയും ചെയ്തു. ചേര്‍ത്തലയില്‍ അഗ്നിശമന സേന എമര്‍ജന്‍സി റെസ്‌ക്യൂ വാഹനവും ആംബുലന്‍സുമായി അവിടെ എത്തിയെങ്കിലും വലിയ വണ്ടി പോകാത്ത ദുര്‍ഘടമായ പാതയായിരുന്നു.
ഹൈഡ്രോളിക്ക് കട്ടര്‍, സ്‌പ്രെഡ്ഡര്‍, ജനറേറ്റര്‍ എന്നിവ ചുമന്ന് എത്തിച്ച് കനത്ത മഴയെ അവഗണിച്ചു കഠിന പ്രയത്‌നത്തിലൂടെ യന്ത്രത്തിന്റെ ഭാഗങ്ങള്‍ ഓരോന്നായി മുറിച്ച് മാറ്റി പുറത്തെടുക്കുകയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.സന്തോഷിന്റെയും അസി. സ്റ്റേഷന്‍ ഓഫീസര്‍ എസ്.പ്രസാദിന്റെയും നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ പി.ഷിബു, ഫയര്‍മാന്‍ന്മാരായ ഹര്‍ഷകുമാര്‍, ജസ്റ്റിന്‍, പി.കെ. റെജിമോന്‍, ഗ്രിന്നര്‍ ജോസ്, ഡ്രൈവര്‍ രാജേഷ്, ഹോം ഗാര്‍ഡുമാരായ മോഹനന്‍ പിള്ള, ഡി.ഷാജി മെക്കാനിക്ക് ഷൈലജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
















