കൊല്ലം: മന്ത്രിമാര്‍ ഉള്‍പ്പടെ, യുഡിഎഫ് നേതാക്കള്‍ തോമസ് ചാണ്ടിയുടെ താറാവു കറി കഴിച്ചവരെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. യുഡിഎഫ് പരിവാരസമേതം പോയി ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചതിനെ അന്ന് പരസ്യമായി താന്‍ എതിര്‍ത്തിരുന്നു. ചാണ്ടിക്കെതിരെ ആദ്യം രംഗത്തുവന്നതും താനാണ്. യുഡിഎഫിലുള്ളവര്‍ അന്നു തന്നെ പിന്തുണച്ചില്ലെന്നും കൊടിക്കുന്നില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചാണ്ടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്‌ക്കാന്‍ ഒരു യുഡിഎഫ് നേതാവും ഇല്ലായിരുന്നു. കുട്ടനാട് പാക്കേജിനെക്കുറിച്ച് ചര്‍ച്ച നടത്തിയത്ചാണ്ടിയുടെ ഹൗസ്‌ബോട്ടില്‍ വച്ചായിരുന്നു. അന്നത്തെ കൃഷിമന്ത്രി കെ.പി.മോഹനനും മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എംപിയായ തന്നെ ചാണ്ടിക്ക് വേണ്ടി യുഡിഎഫ് പ്രാദേശിക നേതൃത്വം അന്ന് അവഗണിച്ചതായും കൊടിക്കുന്നില്‍ പറഞ്ഞു.
കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ പിടിവാശി കാണിച്ചിട്ടില്ല. ഇതുസംബന്ധിച്ചു വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എംപി എന്ന നിലയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഇതു എഐസിസി അംഗീകരിച്ചെങ്കിലും കെപിസിസി എതിര്‍ക്കുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
















