ഇടുക്കി: ഹൈക്കോടതിയില്‍ വ്യാജപട്ടയം ഹാജരാക്കിയ കേസിന്റെ അന്വേഷണം റവന്യൂ വകുപ്പ് അട്ടിമറിച്ചു. ചിന്നക്കനാല്‍ വില്ലേജില്‍പെടുന്ന 12 ഏക്കര്‍ റവന്യൂ ഭൂമിയുടെ രേഖയെന്ന പേരില്‍ ഏഴ് വ്യാജ പട്ടയങ്ങള്‍ ഹൈക്കോടതിയില്‍ എത്തിച്ച കേസാണ് അട്ടിമറിച്ചത്. ചിന്നക്കനാല്‍ നടുപ്പാറ ബ്ലോക്ക്‌നമ്പര്‍ അഞ്ചില്‍പെടുന്ന 12 ഏക്കര്‍ ഭൂമിക്ക് എട്ട് പട്ടയങ്ങളാണ് എം.ബി. സാജന്‍, സോണി എന്നിവരടങ്ങുന്ന ഭൂമാഫിയ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. എല്‍എ 24/ 93, എല്‍എ 28/ 93, എല്‍എ 27/ 93 സി, എല്‍എ 26/ 93 സി, എല്‍എ 25/ 93 സി, എല്‍എ 30/ 93 സി, എല്‍എ 31/ 93 സി, എല്‍എ 33/ 93 സി, എന്നീ നമ്പരുകളിലുള്ള പട്ടയങ്ങളാണ് സമര്‍പ്പിച്ചത്.
ഈ ഭൂമിക്ക് കരം അടയ്‌ക്കാന്‍ സാഹചര്യമുണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി പട്ടയത്തിന്റെ പകര്‍പ്പുകള്‍ ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്ക് നല്‍കി. റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എല്‍എ 24/ 93, എന്ന പട്ടയം മാത്രമാണ് കൃത്യതയുള്ളതെന്ന് കണ്ടെത്തി. എല്‍എ 24/93, എന്ന സര്‍വ്വെ നമ്പരിലുള്ള പട്ടയഭൂമിക്ക് മാത്രമാണ് ആധാരമുള്ളത്. ഈ ഒന്നരയേക്കര്‍ ഭൂമി ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ സര്‍വ്വെ നമ്പര്‍ 50/3ല്‍ ഉള്ളതുമാണ്. ചിന്നക്കനാല്‍ സ്വദേശി മായന്റെ ഭാര്യ പേച്ചിയുടെ പേരിലുണ്ടായിരുന്ന ഭൂമി വിലയാധാര പ്രകാരം എം.ബി. സാജന് എഴുതി നല്‍കിയി രേഖയുണ്ട്.
മറ്റ് ഏഴ് പട്ടയങ്ങളും വ്യാജമാണെന്ന് കാണിച്ച് ഹൈക്കോടതിക്ക് റവന്യൂ വകുപ്പ് രേഖാമൂലം റിപ്പോര്‍ട്ടും നല്‍കി. കോടികള്‍ വിലയുള്ള ഈ ഭൂമി കുംഭകോണത്തിന്റെ വിവരം 2016 ഡിസംബര്‍ 31ന് ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ചിന്നക്കനാലിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പെടുന്ന വ്യക്തികള്‍ ഉള്‍പ്പെട്ട വ്യാജ പട്ടയക്കേസ് പോലീസ് അന്വേഷണത്തിന് നല്‍കാതെ റവന്യൂവകുപ്പ് പൂഴ്‌ത്തി വച്ചിരിക്കുകയാണ്.
















