ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ‘ലോഹപുരുഷന്‍’ എല്‍.കെ. അദ്വാനിക്ക് ഇന്ന് 90 വയസ്സ്. ദല്‍ഹി പൃഥ്വിരാജ് റോഡിലെ വസതിയില്‍ അന്ധവിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി പിറന്നാളാഘോഷം ആരംഭിക്കും. കുട്ടികള്‍ക്കൊപ്പമാണ് അദ്വാനിയുടെ പ്രഭാത ഭക്ഷണം. വൈകിട്ട് അഞ്ച് വരെ സന്ദര്‍ശകരെ കാണും.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തും. നവതിയുടെ ഭാഗമായി കാര്‍ത്തിക പൂര്‍ണിമ ദിനമായ ശനിയാഴ്ച കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ അദ്ദേഹം 90 മണ്‍ചിരാതുകള്‍ തെളിച്ചിരുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അദ്വാനി പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി, ബിജെപി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ അംഗവും ഗുജറാത്ത് ഗാന്ധിനഗറില്‍നിന്നുള്ള ലോക്‌സഭാ എംപിയുമാണ്.
















