കൊച്ചി പോണ്ടിച്ചേരിയില്‍ നടി അമല പോള്‍ കാര്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ നല്‍കി. പോണ്ടിച്ചേരിയിലെ വീടിന്റെ വാടകച്ചീട്ട് നല്‍കിയാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അമല താമസിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.
പുതുച്ചേരിയില്‍ നടി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസം വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ നടി നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. നികുതി അടയ്‌ക്കുകയോ, വിശദീകരണം നല്‍കുകയോ വേണമെന്ന് നടിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.
പുതുച്ചേരിയിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലുള്ള ആറാം നമ്പര്‍ വീടിന്റെ വിലാസത്തിലാണ് രജിസ്‌ട്രേഷന്‍. അമല നല്‍കിയ അതേ വിലാസത്തില്‍ മറ്റൊരു കാര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂരിലെ കരാറുകാരനായ അഖില്‍ പി.വിയുടെ ബെന്‍സ് കാറാണ് രണ്ടാമതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഖിലിന്റെ ബെന്‍സ് കാര്‍ കണ്ണൂരിലാണ് ഓടുന്നത്.
ഈ വിലാസത്തില്‍ വാടകക്കരാറും ജിഎസ്ടിയും ഉണ്ടെന്നാണ് അഖിലിന്റെ വാദം.
അമല പോളിനെയും അഖിലിനെയും പോലെ പുതുച്ചേരിയിലെ ഒരേ വിലാസത്തില്‍ നിരവധി ആഢംബര വാഹനങ്ങള്‍ കേരളത്തില്‍ നികുതി വെട്ടിച്ച് ഓടുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.
















