കൊല്ലം: വ്യാജശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കെഎസ്എഫ്ഇ ശാഖകളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ക്ലാര്‍ക്ക് പെരിനാട് ജെഎംജെ ഹൗസില്‍ കെന്‍സി ജോണ്‍സണെയും ഭാര്യ ഷിജിയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വ്യാജശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കെഎസ്എഫ്ഇയുടെ 14 ശാഖകളില്‍ നിന്ന് കെന്‍സി വായ്‌പ എടുക്കുകയായിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരെന്ന വ്യാജേന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ് വ്യാജശമ്പള സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയത്.
കെഎസ്എഫ്ഇ കുണ്ടറ രണ്ടാംശാഖയില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജീവനക്കാര്‍ വായ്‌പയെടുത്താല്‍ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തിനായി കെഎസ്എഫ്ഇ തപാലില്‍ കത്തയക്കാറുണ്ട്. എന്നാല്‍ ഓഫീസിലെ തപാല്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന കെന്‍സി കത്തുകള്‍ വാങ്ങി അംഗീകരിച്ചതായി സീലടിച്ച് തിരിച്ചയയ്‌ക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഒരേ പേരില്‍ രണ്ട് സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതോടെയാണ് തപാല്‍ വഴി സാക്ഷ്യപത്രം സ്വീകരിച്ചതിനൊപ്പം ഫോണ്‍ മുഖേന കൂടി കുണ്ടറ കെഎസ്എഫ്ഇ ശാഖ സ്ഥിരീകരണത്തിന് ശ്രമിച്ചത്. ഇതോടെ കള്ളി വെളിച്ചത്തായി.
തട്ടിപ്പ് പുറത്തായതോടെ എറണാകുളത്ത് ഒളിവില്‍ പോയ കെന്‍സി ഇന്നലെ രാവിലെ ഭാര്യ പിടിയിലായതറിഞ്ഞ് ബൈക്കില്‍ കൊല്ലത്തേക്ക് വരുന്നതിനിടയില്‍ കൊല്ലം ഈസ്റ്റ് സിഐ എസ് മഞ്ചുലാല്‍, എസ്എച്ച്ഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് 44 ലക്ഷം രൂപയുടെ തട്ടിപ്പ് മാത്രമാണ് അന്വേഷിക്കുന്നത്. കുണ്ടറ, കിളികൊല്ലൂര്‍, പാരിപ്പള്ളി, കൊട്ടിയം, പാരിപ്പള്ളി, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലാണ് മറ്റ് കേസുകള്‍.
















