പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസ് നടത്തിപ്പിനായി കോടികള്‍ പിരിക്കാനുളള നീക്കത്തെ ചൊല്ലി സിപിഎമ്മിനകത്ത് അഭിപ്രായഭിന്നത ശക്തം. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ നടത്തിപ്പിനെന്ന പേരില്‍ രണ്ടുകോടി രൂപ കണ്ണൂരില്‍ നിന്നും പിരിക്കാനുളള സിപിഎം ജില്ലാസെക്രട്ടറിയേറ്റ് തീരുമാനമാണ് പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരണമായിരിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ഇത്തരത്തില്‍ ഒരു സാമ്പത്തിക ശേഖരണം അഭികാമ്യമാകില്ല എന്ന നിലപാടുമായാണ് ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കാനായി പാര്‍ട്ടി പരസ്യനിലപാടുമായി രംഗത്ത് വരുന്നത് ദോഷംചെയ്യുമെന്നും ഒരിക്കലും ജില്ലാനേതൃത്വത്തിന്റെ നിലപാടുകളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചില പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായും അറിയുന്നു. ഇപ്പോള്‍ നടന്നുവരുന്ന സിപിഎമ്മിന്റെ ചില ലോക്കല്‍ സമ്മേളനങ്ങളില്‍ പണം പിരിവിനുളള തീരുമാനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എതിര്‍പ്പുകള്‍ ശക്തമായതിനെത്തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം മാറ്റാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.
സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാകമ്മറ്റി സെക്രട്ടറി എന്‍.മധുസൂദനന്‍ എന്നിവരടക്കം 25 പ്രതികളാണ് മനോജ് വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുളളത്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടത്തില്‍ വൈകാരികമായി ഈ വിഷയം ഉയര്‍ത്തി കോടികള്‍ പിരിച്ചെടുക്കാനായിരുന്നു നീക്കം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേസിലെ പ്രതികളെ രക്ഷിക്കാനാണ് തീരുമാനം.
നിലവിലുളള യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്ന വാദമുയര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പി.ജയരാജന്‍. യുഎപിഎ വകുപ്പ് പ്രകാരമാണ് ഗൂഡാലോചന അടക്കമുളള രണ്ടാമത്തെ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിട്ടുളളത്. നേരത്തെ കേസില്‍ ജാമ്യത്തിലുളള പി.ജയരാജന്‍ അടക്കമുളളവര്‍ക്കും യുഎപിഎ ബാധകമായതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ജില്ലാസെക്രട്ടറിയെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ തന്നെയാണ് സിപിഎം നീക്കം. കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികള്‍ക്കു വേണ്ടി സിപിഎം കോടികള്‍ പിരിവ് നടത്തിയിരുന്നതും ഏറെ വിവാദമായിരുന്നു.
















