ആരാണോ ദൈവങ്ങളെക്കൂടി സന്ന്യസിക്കുന്നവന് പരമമായതും മുറിവേല്‍ക്കപ്പെടാത്തതുമായ, തുടര്‍ച്ചയായ ഭക്ത്യാനുരാഗം ലഭ്യമാകുന്നു.
‘സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകംശരണംവ്രജ” എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞതുപോലെ എല്ലാം ഉപേക്ഷിച്ച് എന്നെത്തന്നെ ആശ്രയിക്കുന്നവന് ഞാന്‍ എന്നെത്തന്നെ നല്‍കുന്നു. അതാണ് ഭക്തവാല്‍സല്യം. ഭഗവാന്‍ ഭക്തപരായണനാണ്. ഭഗവാന്റെ ചിന്ത ഭക്തനെക്കുറിച്ചു മാത്രമാണ്. എല്ലാം സമര്‍പ്പിക്കാനുള്ള മനസ്സുള്ളവന് ഭഗവാന്‍ സ്വയം അടിമയെപ്പോലെ എത്തുന്നു.
ഹനുമാന്റെ ഒരു കീര്‍ത്തനശ്ലോകമുണ്ട്.
”യത്ര യത്ര രഘുനാഥകീര്‍ത്തനം
തത്ര തത്ര
കൃതമസ്തകാഞ്ജലിം
ബാഷ്പവാരി
പരിപൂര്‍ണലോചനം
മാരുതിം നമത
രാക്ഷസാന്തകം”
എവിടെയെല്ലാം രാമനാമം കേള്‍ക്കുന്നുവോ അവിടെയെല്ലാം ഒാടിയെത്തി ഞാന്‍ അങ്ങക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ച് ശിരസില്‍ തൊഴുകയ്യുമായി നില്‍ക്കുന്ന ഹനുമാനെ ഞാന്‍ നമസ്‌കരിക്കുന്നു.
ഇവിടെ ഹനുമാന്‍ ശ്രീരാമഭക്തന്റെ ദാസനായിട്ടാണ് ഓടിയെത്തുന്നതെന്ന് കാണാം.ഭാഗവതത്തില്‍ പ്രാചീനബര്‍ഹിസിന് വേദപഠനങ്ങളും യജ്ഞകര്‍മ്മങ്ങളും തന്നെയായിരുന്നു പ്രധാനം. എന്നാല്‍ പ്രചേതസുകളെ ഭക്തിമാര്‍ഗത്തിലേക്കു തിരിച്ചുവിട്ട നാരദര്‍ പ്രാചീന ബര്‍ഹിസിനോടും ഭക്തിമാര്‍ഗത്തിനു പ്രാധാന്യം കൊടുക്കാനുള്ള ഉപദേശം നല്‍കി. പക്ഷെ പ്രാചീനബര്‍ഹിസിന് കര്‍മമാര്‍ഗം തന്നെയാണെന്ന ബുദ്ധിയായിരുന്നു.
ഒരു നാള്‍ ശ്രീ നാരദര്‍ പുരഞ്ജനോപാഖ്യാനകഥ അദ്ദേഹത്തിനുപദേശിച്ചുകൊടുത്തു. ആ കഥയില്‍ കഥയ്‌ക്കപ്പുറമായ ചില വിഷയങ്ങളുണ്ടെന്നു തോന്നിയ പ്രാചീന ബര്‍ഹിസ് കഥാസാരവും കൂടി അറിയണമെന്നു താല്‍പര്യപ്പെട്ടു. നാരദര്‍ അതുകൂടി വിശദീകരിച്ചപ്പോള്‍ ഭക്തിമാര്‍ഗത്തിനു പ്രാധാന്യം അദ്ദേഹത്തിനു ബോധ്യപ്പെട്ടു.
വളര്‍ച്ചയുടെ ഭാഗമായി, ജ്ഞാനസമ്പാദനത്തിന്റെ ഭാഗമായി വേദങ്ങളെക്കൂടി സന്ന്യസിക്കണമെന്ന് നാരദര്‍ പറയുമ്പോള്‍ അതു പ്രാവര്‍ത്തികമാക്കിയ ഒരു മഹാനുഭാവനാണ് കേരളത്തില്‍ ജീവിച്ചിരുന്ന കാക്കശ്ശേരി ഭട്ടതിരിപ്പാട്. അദ്ദേഹം ജ്ഞാനം വര്‍ധിച്ചതോടെ ക്രമത്തില്‍ നിയമങ്ങളെല്ലാം മാറ്റിവച്ചു. ചിട്ടവട്ടങ്ങളെല്ലാം ഒഴിവാക്കി. ഭക്തിയില്‍ ലയിച്ചു നടന്നു.
അദ്ദേഹത്തിനെ ആരെങ്കിലും ചോദ്യംചെയ്താല്‍ കാക്കശേരി ഉന്നയിക്കുന്ന തര്‍ക്കങ്ങള്‍ക്ക് മറുപടി പറയാനാവാതെ പല വിദ്വാന്മാരും കുഴങ്ങി. ഒടുവില്‍ പരിഹാരത്തിനായി അദ്ദേഹത്തെത്തന്നെ സമീപിച്ചു.
















