പത്തനംതിട്ട: ശബരിമലയില്‍ അരവണ ഉല്പാദനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പുതിയ പായ്‌ക്കിങ്‌മെഷീന്‍ നോക്കുകുത്തിയാകും. മിനിറ്റില്‍ 300 കണ്ടെയ്‌നറുകളില്‍ അരവണ നിറയ്‌ക്കാന്‍ കഴിയുന്ന യന്ത്രമാണ് പുതിയത്. ഒരുദിവസം പരമാവധി 200 കൂട്ട് അരവണയാണ് സന്നിധാനത്ത് നിര്‍മ്മിക്കാനാവുന്നത്. ഒരു കൂട്ടില്‍നിന്നും 980 കണ്ടെയ്‌നറുകളില്‍ അരവണ നിറയ്‌ക്കാം. ഒരുദിവസം 1,96,000 കണ്ടെയ്‌നറുകള്‍. നിലവിലുള്ള പായ്‌ക്കിങ് യന്ത്രമുപയോഗിച്ച് ദിനംപ്രതി രണ്ടുലക്ഷം കണ്ടെയ്‌നറുകളില്‍ അരവണ നിറയ്‌ക്കാം.
പുതിയ യന്ത്രം സ്ഥാപിച്ച് ട്രയല്‍റണ്‍ നടത്തിയെങ്കിലും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നിധാനത്ത് പ്ലാന്റിന്റെ ഉത്പാദനക്ഷമത കൂട്ടാനുള്ള സ്ഥലസൗകര്യം ഇല്ലെന്നാണ് പറയുന്നത്. പുതിയ സംവിധാനം ഒരുക്കാതെ കൂടുതല്‍ അരവണ തയ്യാറാക്കാനുമാവില്ല.
നവംബര്‍ ഒന്നിന് അരവണ നിര്‍മ്മാണം ആരംഭിച്ചെങ്കിലും നിര്‍മ്മാണക്ഷമത പൂര്‍ണ്ണമായി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അരവണ നിര്‍മ്മാണത്തിന് ശര്‍ക്കരയടക്കം യഥാസമയം ട്രാക്ടറുകളില്‍ സന്നിധാനത്ത് എത്തിക്കാന്‍ കഴിയുന്നില്ല. അരവണ തയ്യാറാക്കാന്‍ ദിവസവും നാല്പതിനായിരം കിലോ ശര്‍ക്കര ആവശ്യമുണ്ട്. മൂന്നു ദിവസംകൊണ്ട് പതിനാറായിരം കിലോ ശര്‍ക്കര മാത്രമാണ് സന്നിധാനത്ത് എത്തിയതത്രേ.
ശര്‍ക്കര പമ്പയിലെത്തിയെങ്കിലും വിവിധ കാരണങ്ങളാല്‍ സന്നിധാനത്ത് എത്തുന്നത് വൈകുകയാണ്. ഈസ്ഥിതി തുടര്‍ന്നാല്‍ ഈ തീര്‍ത്ഥാടന കാലത്തും ശബരിമലയില്‍ അരവണക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു
















