കൊല്ലം: സര്‍ക്കാര്‍ 2008ല്‍ പുറത്തിറക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ ഭേദഗതി ചെയ്തു. അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭേദഗതി. 2008 ആഗസ്റ്റ് 12ലെ ഭൂമിയുടെ സ്ഥിതി അനുസരിച്ചാണ് പുതിയ ഡേറ്റാബാങ്ക് തയ്യാറാക്കേണ്ടത്. ഇപ്പോള്‍ നടത്തുന്ന പരിശോധനയില്‍ 2008ലെ അവസ്ഥ നിര്‍ണയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം അപേക്ഷകള്‍ കെഎസ്ആര്ഇസി (കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍)യുടെ പരിശോധനയ്ക്ക് വിധേയമാക്കണം.
പുതിയ ഡേറ്റാബാങ്ക് തയ്യാറാക്കുമ്പോള്‍ നെല്‍വയല്‍, തണ്ണീര്‍ത്തടം നിര്‍വചനത്തില്‍ പെടുന്ന ഭൂമിമാത്രം ഉള്‍പ്പെടുത്തിയാല്‍ മതി. നിലംനികത്തുഭൂമി, പത്തുവര്‍ഷത്തിലധികം തെങ്ങ് നില്ക്കുന്ന സ്ഥലം എന്നീ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമി ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങള്‍ കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ അടങ്ങുന്ന സംയുക്ത സംഘം പരിശോധിച്ച് ബോധ്യപ്പെടണം.
വില്ലേജ് തിരിച്ച് തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. 2018 മാര്‍ച്ച് 31ന് മുമ്പായി പ്രാദേശികതല നിരീക്ഷണ സമിതികള്‍ തയ്യാറാക്കുന്ന ഡേറ്റാ ബാങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം വിജ്ഞാപനം പുറത്തിറക്കണം, വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
ഡേറ്റാ ബാങ്കില്‍ തണ്ണീര്‍ത്തടമായോ നെല്‍വയലായോ രേഖപ്പെടുത്താത്ത ഭൂമിയുണ്ടെങ്കില്‍ കൃഷി ഓഫിസറും വില്ലേജ് ഓഫിസറും സ്ഥലം പരിശോധിച്ച് സമിതിക്ക് ശുപാര്‍ശ കൈമാറണം. പുതിയതായി ഉള്‍പ്പെടുത്തുന്ന തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും കരട് ഡേറ്റാ ബാങ്ക് പ്രാദേശികമായി പ്രസിദ്ധീകരിക്കണം. പരാതികള്‍ സ്വീകരിച്ച് 15 ദിവസത്തിനകം തീര്‍പ്പാക്കണം.
ഭൂമി ഏതു ഗണത്തില്പെടുത്തിയിരിക്കുന്നുവെന്നു കണ്ടെത്താന്‍ www.kslb.kerala.gov എന്ന വെബ്സൈറ്റിലെ ഭൂമി ഡാറ്റാ ബാങ്ക് പരിശോധിക്കാം. നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ ഭൂമി ഡേറ്റാ ബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതു കാരണം സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാനോ പുനര്‍നിര്‍മിക്കാനോ വില്‍ക്കാനോ കഴിയാത്തവര്‍ക്കു തിരുത്തല്‍ വരുത്താനുള്ള അവസാന അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: