കണ്ണൂര്‍: ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവരില്‍ രണ്ടു പേരൊഴികെ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്ന് വെളിവായി. തങ്ങള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം ഇതോടെ പൊളിഞ്ഞു.
സിറിയയില്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരില്‍ നിന്നുള്ള അഞ്ച് യുവാക്കളെ തിരിച്ചറിഞ്ഞതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദനാണ് പ്രതികളുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുറത്തുവിട്ടത്. 15 പേരില്‍ രണ്ടു പേര്‍ക്കൊഴികെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ചു പേര്‍ അറസ്റ്റിലായി, അഞ്ചു പേര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ ഇപ്പോഴും സിറിയയില്‍ ജിഹാദിലാണ്.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് വാര്‍ത്താസമ്മേളനം വിളിച്ച് ഐഎസുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ കുപ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ വെളിപ്പെടുത്തല്‍.
സിറിയയില്‍ ഐഎസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശികളായ അഞ്ചു യുവാക്കളെ തിരിച്ചറിഞ്ഞതായാണ് പോലീസ് അറിയിച്ചത്. അഞ്ചു പേരുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ടയിലെ ആലക്കാടന്‍കണ്ടി അബ്ദുള്‍ ഖയ്യും (23), വളപട്ടണം മന്നയിലെ അബ്ദുള്‍ മനാഫ് (30), മൂപ്പന്‍പാറയിലെ ഷബീര്‍ (33), ഷബീറിന്റെ ബന്ധു മന്നയില സുഹൈല്‍ (24), പാപ്പിനിശേരി പയഞ്ചിറ സ്വദേശിയായ സഫ്‌വാന്‍(18) എന്നിവരാണിതെന്ന് ഡിവൈഎസ്പി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ സിറിയയില്‍ കൊല്ലപ്പെട്ട പയഞ്ചിറയിലെ ഷെമീറിന്റെ മകനാണ് സഫ്‌വാന്‍. ഷമീറിന്റെ മറ്റൊരു മകന്‍ സല്‍മാന്‍ സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൈല്‍ 2016 ജനുവരിയില്‍ ദുബൈയിലേക്ക് പോയി. അവിടെ നിന്നാണ് സിറിയയിലേക്ക് കടന്നത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ഷബീര്‍.
വ്യാജ പാസ്‌പോര്‍ട്ടില്‍ സിറിയയിലേക്ക് കടന്നതിന് ദല്‍ഹിയില്‍ അറസ്റ്റിലായ ഷാജഹാന്റെ അടുത്ത സുഹൃത്താണ് സിറിയയിലുള്ള അബ്ദുള്‍ മനാഫ്. ഇയാളെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കണ്ടതായി കണ്ണൂരില്‍ അറസ്റ്റിലായവരുടെ മൊഴിയിലുണ്ട്. ഖയ്യൂം ഏപ്രില്‍ 18നാണ് സിറിയയിലേക്ക് പോയത്.
തലശ്ശേരിയില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഹംസയുള്‍പ്പെടെയുള്ള അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ ഐഎസ് പ്രവര്‍ത്തകരെക്കുറിച്ച് വിവരം ലഭിച്ചത്.
















