ഇടുക്കി: പീരുമേട് മഞ്ചുമല രാം ബഹദൂര്‍ താക്കൂര്‍(ആര്‍ബിറ്റി) പ്ലാന്റേഷന് കീഴിലുള്ള തേയില എസ്റ്റേറ്റ് ലേലം ചെയ്തതില്‍ കോടികളുടെ അഴിമതി. പ്രോവിഡന്റ് ഫണ്ട് കുടിശികയുടെ പേരില്‍, സെന്റിന് ലക്ഷങ്ങള്‍ വിലവരുന്ന സ്ഥലം പോബ്‌സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിറ്റത് 150-1000 രൂപ വരെ മതിപ്പുവിലയിട്ട്. ഈ കച്ചവടത്തില്‍ ടീ ആക്ട് പാലിച്ചില്ല. 1976ല്‍ മിച്ച ഭൂമിയായി പീരുമേട് ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ച വസ്തുവെങ്ങനെ ആര്‍ബിടി ഏറ്റെടുത്തു എന്നതും ദുരൂഹമാണ്.
9265 ഏക്കര്‍ തോട്ടമാണ് ആര്‍ബിടി കൈവശം വച്ചിരുന്നത്. 2007 ഡിസംബര്‍ 31ന് 33.87 കോടി രൂപ പിഴ സഹിതം പിഎഫ് കുടിശിക വന്നതോടെയാണ് 2008ല്‍ സ്ഥലം ലേലം ചെയ്യുന്നത്. ലേലത്തില്‍ പോബ്‌സന് 3048 ഏക്കര്‍ ഭൂമിയാണ് വിറ്റത്. ശേഷിക്കുന്ന 6217 ഏക്കറില്‍ പാതി വീതം പോബ്‌സും ബഥേല്‍ എന്ന കമ്പനിയും കൈവശപ്പെടുത്തി ഉപയോഗിച്ച് വരികയാണ്.
കോട്ടയം-കുമളി സംസ്ഥാനപാതയോരത്തെ വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയ്‌ക്ക് സമീപത്തുള്ള സ്ഥലമാണ് നിസാര വിലയ്‌ക്ക് ലേലം ചെയ്തത്. ലേലത്തില്‍ 16.10 കോടി മാത്രമാണ് കിട്ടിയത്. 2005ലെ കമ്പനി നിയമ പ്രകാരം പിഎഫ് പിഴ അടയ്‌ക്കാത്തതിനാല്‍ ലേലം നിലനില്‍ക്കില്ല. തേയിലത്തോട്ടം ഏറ്റെടുക്കുമ്പോഴും ഉടമസ്ഥാവകാശം കൈമാറുമ്പോഴും ടീ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.
ആര്‍ബിടി എറ്റെടുത്തപ്പോഴും ഉടമസ്ഥാവകാശം പോബ്‌സിന് കൈമാറുമ്പോഴും ഈ നിയമം പാലിച്ചിട്ടില്ല എന്നത് രേഖകളില്‍ വ്യക്തമാണ്. സംഭവത്തില്‍ എംപ്ലോയീസ് പ്രോഫിഡന്റ് ഫണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മൗനാനുവാദം ഉള്ളതായും ആരോപണം ഉണ്ട്.
നിയമപ്രകാരം ഉടമസ്ഥവകാശം കൈമാറാത്ത എസ്റ്റേറ്റില്‍ പുതിയ തേയിലഫാക്ടറി നിര്‍മ്മിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ടീ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.
രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച തോട്ടങ്ങളിലൊന്നാണ് ആര്‍ബിറ്റി എസ്റ്റേറ്റ് മറിച്ച് വിറ്റ സംഭവത്തിലടക്കമുള്ള അഴിമതി പുറത്ത് കൊണ്ടുവരുവാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ബിജെപി.
















