ന്യൂദല്‍ഹി: ശബരി റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ശബരി റെയില്‍വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ശബരി പദ്ധതി വേഗത്തിലാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി അംഗീകരിച്ചു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള കമ്പനിയാകും രൂപീകരിക്കുക. പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുക, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനീകരണം എന്നീ ആവശ്യങ്ങളും റെയില്‍വേ പ്രാധാന്യം നല്‍കി പരിഗണിക്കുകയാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
തീവണ്ടികളിലെ ശുചിത്വം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് റെയില്‍വേ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ധാരണയായി.
















