കൊച്ചി: ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്കരിക്കാനുള്ള അഭിഭാഷക അസോസിയേഷന്റെ പ്രമേയത്തിനെതിരെ ഹൈക്കോടതി. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകരെ പോലും പങ്കെടുപ്പിക്കാത്തതിനെതിരെയാണ് അഭിഭാഷക അസോസിയേഷന്‍ പ്രമേയം പാസാക്കിയത്.
ചീഫ് ജസ്റ്റീസ് പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്കരിക്കാനുള്ള പ്രമേയമാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും രംഗത്തെത്തി. ജഡ്ജിമാര്‍ പങ്കെടുത്ത ഫുള്‍ കോര്‍ട്ടും രാവിലെ ചേര്‍ന്നു. ചീഫ് ജസ്റ്റീസ് നവനീത് പ്രസാദ് സിംഗിന് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
രാഷ്‌ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകരെ അടക്കം ബാരിക്കേഡ് കെട്ടി മാറ്റിനിര്‍ത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പിഡബ്ല്യൂഡിയും പോലീസും ചേര്‍ന്നാണ് ആ തീരുമാനമെടുത്തത്. ഇതിന്റെ പേരില്‍ ചീഫ് ജസ്റ്റീസിനെ ആക്രമിക്കുകയും ബഹിഷ്കരിക്കാന്‍ തീരുമാനമെടുക്കുന്നതും അംഗീകരിക്കാനാവില്ല. ഇക്കാര്യം വ്യക്തമാക്കി ഫുള്‍ കോര്‍ട്ട് അഭിഭാഷക അസോസിയേഷന് കത്ത് നല്‍കി.
















