കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടന്‍ സിദ്ദിഖ് അപേക്ഷ പോലും സമര്‍പ്പിക്കാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയത്.
ദിലീപിന് ഓണക്കോടിയുമായി നടന്‍ ജയറാം എത്തിയതിലും ചട്ടലംഘനമുണ്ട്. അനുമതി തേടാതെയാണ് ഓണക്കോടി നല്‍കിയത്. നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് ചട്ടം ലംഘിച്ച്. അതേസമയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അവധി ദിവസങ്ങളില്‍ പോലും ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചു. ഒരു ദിവസം മാത്രം 13 സന്ദര്‍ശകരെ വരെ അനുവദിച്ചിട്ടുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശപ്രകാരം ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്.
ദിലീപ് റിമാന്‍ഡില്‍ ആയതു മുതല്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ സന്ദര്‍ശകരായി എത്തിയിരുന്നു. ഓണനാളുകളില്‍ ആലുവ സബ് ജയിലിലേക്ക് സിനിമ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു.
















