കട്ടപ്പന: ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് സെപ്തംബര്‍ 26-ാം തീയതി നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കാത്ത സംഭവത്തില്‍ കട്ടപ്പന ഉപ്പുകണ്ടം സ്വദേശി കവലയില്‍ മാലിനി പി. ഗോപിനാഥന്‍ നല്‍കിയ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. വര്‍ഷങ്ങളായി എസ്.സി പ്രമോട്ടറായി പ്രവര്‍ത്തിച്ചിരുന്ന മാലിനിയെ ഒഴിവാക്കി ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരം പ്രമോട്ടര്‍മാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ മാലിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്റര്‍വ്യൂവില്‍ മാലിനിയെ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇന്റര്‍വ്യൂവിനെതിരെ മൂലമറ്റത്തെ പട്ടിക ജാതി വികസന വകുപ്പിന്റെ ഓഫീസിന് മുന്നില്‍ മാലിനി സത്യാഗ്രഹവും നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാലിനിയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുവരെ ഇന്റര്‍വ്യൂ നടത്താത്തതിനെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ഈ മാസം ഒമ്പതാം തീയതി തൊടുപുഴ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ നടക്കുന്ന ഹിയറിങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് പരിഗണിക്കും.
















