തൊടുപുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ കേസില്‍ അഡി.അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സര്‍ക്കാരിന് മുകളില്‍ അല്ല അഡ്വക്കേറ്റ് ജനറലെന്ന് കാനം പറഞ്ഞു. നിയമം അനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും അദ്ദേഹം തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും കാനം പറഞ്ഞു. തോമസ് ചാണ്ടി തെറ്റുകാരന്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും. ഇപ്പോള്‍ തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.’ഭരണ ഘടനാ സൃഷ്ടിയാണ് എജി. പക്ഷെ നിയമം അനുസരിച്ചാണ് എജി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തിയാല്‍ മതി’ എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരെ പുറത്താക്കണമെന്നതല്ല ഞങ്ങളുടെ പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നത് അത്തരം ആഭ്യന്തര കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ലെന്നും തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കാനം പറഞ്ഞു.
















