കോഴിക്കോട്: നാട്യങ്ങളുടെ ലോകത്ത് നാട്യങ്ങളില്ലാതെ എഴുതുകയും ജീവിക്കുകയും ചെയ്ത് സ്മാരകശിലകള്‍ തീര്‍ത്ത ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇനി ഓര്‍മ്മ.
ഇന്നലെ രാവിലെ 7.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍, എഴുപത്തേഴാമത്തെ വയസിലായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മകള്‍ നാസിമയുടെ ചേവരമ്പലത്തെ വസതിയിലും കോഴിക്കോട് ടൗണ്‍ഹാളിലും വടകര ടൗണ്‍ഹാളിലും മടപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കാരക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
നോവല്‍, കഥ, യാത്രാവിവരണം തുടങ്ങിയ മേഖലകളിലെ തുറന്നെഴുത്തുകളിലൂടെ അദ്ദേഹം സാഹിത്യ രംഗത്ത് വെന്നിക്കൊടി പാറിച്ചു. സ്മാരകശിലകള്‍, മരുന്ന്, കന്യാവനങ്ങള്‍, അലീഗഢിലെ തടവുകാരന്‍, അഗ്‌നിക്കിനാവുകള്‍, മലമുകളിലെ അബ്ദുള്ള, നഷ്ടജാതകം, നടപ്പാതകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അര്‍ഹതയ്‌ക്കുള്ള അംഗീകാരങ്ങളായി അദ്ദേഹത്തെ തേടിയെത്തി. 2001ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി.
1940 ഏപ്രില്‍ 30ന് വടകര മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തെ കാരക്കോട്ട് മമ്മുവിന്റെയും സൈനയുടെയും മകനായാണ് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് ബിരുദവും നേടി. 1970 മുതല്‍ 1973 വരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറായിരുന്ന പുനത്തില്‍ 74 മുതല്‍ 1996 വരെ വടകരയില്‍ സ്വകാര്യ നഴ്‌സിംഗ്‌ഹോം നടത്തി. 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു.
ഹലീമയാണ് ഭാര്യ. മക്കള്‍ നാസിമ, ഡോ. നവാബ്, ആസാദ്. മരുമക്കള്‍: ജലീല്‍, ബിന്ദു, ഡോ. ഷാലി. സഹോദരങ്ങള്‍: പുനത്തില്‍ ഹുസൈന്‍, ആയിഷ മുഹമ്മദ്, പരേതരായ അബ്ദുള്‍ റാസിഖ്, സത്താര്‍.
















