ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമ്പത് റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നവംബര്‍ 10ന് ശേഷമാണ് റാലികള്‍. ഒരു സംസ്ഥാനത്ത് മോദി നടത്തുന്ന റാലികളില്‍ റെക്കോര്‍ഡാണിത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരും താരപ്രചാരകരാകും. ഡിസംബര്‍ 9, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വലിയ ജനപ്രീതിയാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. അടുത്തിടെ മൂന്ന് തവണ മോദി ഗുജറാത്ത് സന്ദര്‍ശിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം ഏഴ് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുത്ത മഹാറാലിയും നടന്നു.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായപരിപാടികളും ബിജെപി ആലോചിക്കുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇത്തരം പരിപാടികളെ മോദി അഭിസംബോധന ചെയ്യും. വനിതകള്‍, യുവാക്കള്‍, പ്രൊഫഷണലുകല്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കും. മോദിക്ക് പുറമെ അമിത് ഷായും യോഗിയും റാലി നടത്തും. യോഗിക്ക് ഗുജറാത്തില്‍ വലിയ സ്വീകാര്യതയാണുള്ളത്. ഏതാനും ദിവസം മുന്‍പ് യോഗി ഗുജറാത്തില്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. സ്വന്തം തട്ടകമായ ഗുജറാത്തില്‍ റെക്കോര്‍ഡ് വിജയമാണ് മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത്.
















