തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം അഡ്വക്കേറ്റ ജനറല്‍ തള്ളി. കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.
കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും. കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എജിയുടെ വിവേചനാധികാരം. സംസ്ഥാന താത്പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.
കേസില്‍ അഡീഷണല്‍ എജിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.ജിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രിയുടെ ആവശ്യം തള്ളിയത്. റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ എജിയാണെന്നായിരുന്നു റവന്യൂവകുപ്പിന്റെ വാദം. പൊതുതാല്‍പ്പര്യമുള്ള കേസായതിനാല്‍ അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് മാറ്റിയത്.
















